ഹരിയാന സംഘര്‍ഷം: മുഖ്യസൂത്രധാരനായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2023-08-16 10:28 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ നുഹ്, ഗുരുഗ്രാം തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിലെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിട്ടു ബജ്‌റംഗി എന്ന രാജ്കുമാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെയും സഹപ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ബജ്‌റങ്ദള്‍ നേതാവ് മോനു മനേസറിന്റെയും പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ആക്രമത്തിന് കാരണമായതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഘര്‍ഷം നടന്ന് 20 ദിവസത്തിന് ശേഷം ഫരീദാബാദിലെ വീടിന് സമീപത്ത് നിന്ന് ബിട്ടുവിനെ പിടികൂടിയത്.ബിട്ടു വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പോലിസ് വേഷം മാറിയാണ് ഫരീദാബാദിലെത്തിയത്. എന്നാല്‍, പോലിസ് സംഘത്തെ തിരിച്ചറിഞ്ഞ ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തോക്കുകളും വടികളുമായെത്തിയ 20ഓളം പോലിസുകാര്‍ പിന്തുടര്‍ന്ന് പിടികൂടുയകായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കലാപശ്രമം, വധഭീഷണി, പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നൂഹിലും ഗുഡ്ഗാവിലും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ചോദ്യംചെയ്തിരുന്നു. ഹരിയാന സംഘര്‍ഷത്തില്‍ ആയുധങ്ങളെത്തിച്ചതില്‍ ബിട്ടുവിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്.   


ഫരീദാബാദിലെ ഗാസിപൂര്‍, ദബുവ മാര്‍ക്കറ്റുകളിലെ പഴംപച്ചക്കറി വ്യാപാരിയായ ബിട്ടു ബജ്‌രംഗി എന്ന രാജ് കുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗോരക്ഷാ ബജ്‌റംഗ് സേന എന്ന പേരില്‍ ഒരു സംഘടന നടത്തുകയാണ്. ഗോ സംരക്ഷകനെന്നു പറഞ്ഞ് കന്നുകാലി കച്ചവടക്കാരെയും മറ്റും ആക്രമിക്കുകയും പോലിസിലേല്‍പ്പിക്കുകയും ചെയ്യുന്ന പ്രവൃത്തിയിലേര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ മാസം മാത്രം ഇയാള്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയത് ഉള്‍പ്പെടെ മൂന്നു കേസുകളെടുത്തിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പള്ളി ഇമാമും ബജ്‌റങ്ദള്‍ നേതാവും ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഹ് മുതല്‍ ഗുരുഗ്രാം വരെയും 40 കിലോമീറ്റര്‍ അകലെയുള്ള ബാദ്ഷാപൂര്‍ വരെയും സംഘര്‍ഷം വ്യാപിച്ചിരുന്നു. നൂറിലേറെ വാഹനങ്ങളാണ് തീവച്ചുനശിപ്പിച്ചത്.

Tags:    

Similar News