ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടും

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം ഒഡീഷയാണ്. തീവണ്ടി, വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ ആരംഭിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Update: 2020-04-09 09:01 GMT

ഭുവനേശ്വര്‍: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടി ഭരണകൂടം. ഏപ്രില്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ തുടരുക. രാജ്യമാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 വരെയാണ്. ഇത് നീട്ടുമെന്ന സൂചനകള്‍ക്കിടെയാണ് ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം ഒഡീഷയാണ്. തീവണ്ടി, വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ ആരംഭിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഒഡീഷ മന്ത്രിസഭ ആവശ്യപ്പെട്ടു. മാനവരാശി നേരിടുന്ന വലിയ ഭീഷണിയായി കൊറോണ വൈറസ് രോഗം മാറിയിരിക്കുന്നു. ജീവിതം എല്ലായിപ്പോഴും ഒരുപോലെയാകില്ല. ഇക്കാര്യം എല്ലാവരും മനസിലാക്കണം. ഒരുമിച്ച് ധൈര്യത്തോടെ ഈ പ്രതിസന്ധിയെ നേരിടാം. ദൈവ അനുഗ്രഹം കൊണ്ട് ഈ പ്രതിസന്ധി നമ്മള്‍ മറികടക്കും- ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടാനാണ് ഒഡീഷ സര്‍ക്കാരിന്റെ തീരുമാനം. ഭക്ഷ്യ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പരമാവധി വേഗത്തില്‍ സുഗമമായ യാത്ര എല്ലാവര്‍ക്കും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഡീഷയില്‍ ഇതുവരെ കൊറോണ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 42 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇവരെല്ലാം ചികില്‍സയിലാണ്.

സംസ്ഥാനത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ഛണ്ഡീഗഡ്, നാഗാലാന്റ് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടുകയാണ് ലക്ഷ്യം. മാത്രമല്ല, സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. മുഖ്യമന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടക്കുമെന്നാണ് വിവരം. ഒട്ടേറെ സംസ്ഥാനങ്ങള്‍ ലോക്ക ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News