ഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു; റദ്ദാക്കിയത് രണ്ട് ട്രെയിനുകള്‍
അതേസമയം ചെന്നൈയില്‍ നിന്ന് ഭൂവനേശ്വറിലേക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകള്‍ റദ്ദാക്കി. 38 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസ് എന്നിവയാണ് കേരളത്തല്‍ നിന്നും റദ്ദാക്കിയത്.
കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ദിബ്രുഗര്‍-കന്യാകുമാരി, ഷാലിമാര്‍-തിരുവനന്തപുരം, സില്‍ച്ചര്‍-തിരുവനന്തപുരം, ജൂണ്‍ 2 ന് പുറപ്പെട്ട പറ്റ്‌ന- എറണാകുളം എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ച് വിട്ടവയില്‍ ഉള്‍പ്പെടുന്നത്. അതേസമയം ചെന്നൈയില്‍ നിന്ന് ഭൂവനേശ്വറിലേക്ക് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക.
ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി ഉയര്‍ന്നു. 900ത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. തലകീഴായി മറിഞ്ഞ ഒരു കോച്ച് ഇപ്പോഴാണ് വെട്ടിപ്പൊളിക്കാന്‍ തുടങ്ങിയത്. ഇതിനുള്ളില്‍ മൃതദേഹങ്ങളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും പ്രതികരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മുഴുവന്‍ ശ്രദ്ധയും രക്ഷാപ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.