ഒഡിഷയിലെ ഗെയിം ഓഫ് ത്രോണ്‍സ്; ആര് ജയിച്ചാലും ഈ കുടുംബങ്ങള്‍ ഭരിക്കും

ഒഡിഷ കോണ്‍ഗ്രസ് പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായികിന്റെ കുടുംബക്കാരായ പട്‌നായിക്കുമാര്‍ മുതല്‍ തെക്കന്‍ ഒഡിഷയിലെ കൊരാപുതിലുള്ള ഗമാംഗുകളും ബോലാന്‍ഗീറിലെ സിങ് ദിയോകളും സുന്ദര്‍ഗഡിലെ ബിസ്വാളുകളും വരെ അര ഡസനോളം വരുന്ന രാഷ്ട്രീയ കുലങ്ങളാണ് സംസ്ഥാനം വാഴുന്നത്.

Update: 2019-05-02 15:35 GMT

ഭുവനേശ്വര്‍: ഒഡിഷയിലെ ചില പ്രമുഖ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പൊതു കാര്യമെന്നാല്‍ കുടുംബ കാര്യമാണ്. ഒഡിഷ കോണ്‍ഗ്രസ് പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായികിന്റെ കുടുംബക്കാരായ പട്‌നായിക്കുമാര്‍ മുതല്‍ തെക്കന്‍ ഒഡിഷയിലെ കൊരാപുതിലുള്ള ഗമാംഗുകളും ബോലാന്‍ഗീറിലെ സിങ് ദിയോകളും സുന്ദര്‍ഗഡിലെ ബിസ്വാളുകളും വരെ അര ഡസനോളം വരുന്ന രാഷ്ട്രീയ കുലങ്ങളാണ് സംസ്ഥാനം വാഴുന്നത്. ബിജെപി, ബിജെഡി, കോണ്‍ഗ്രസ് തുടങ്ങിയ മൂന്ന് പ്രധാന പാര്‍ട്ടികളില്‍ ഈ കുടുംബക്കാര്‍ വ്യാപിച്ചു കിടക്കുന്നു.

ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇതില്‍ ഭൂരിഭാഗം കുടുംബങ്ങളും മല്‍സര രംഗത്തുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും ഒരുമിച്ച് നാല് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് പൂര്‍ത്തിയായത്.

പട്‌നായിക്കുകള്‍

മൈനിങ് രാജാവ് നിരഞ്ജന്‍ പട്‌നായികിന്റെ കുടുംബം തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും പ്രബലം. കോണ്‍ഗ്രസ് പ്രസിഡന്റായ നിരഞ്ജന്‍ ഗാസിപുരയില്‍ നിന്നാണ് ജനവിധി തേടിയത്. രാജ്യസഭാ എംപിയായ സഹോദരന്‍ സൗമ്യ രഞ്ജന്‍ പട്‌നായിക് ബിജെഡിയിലാണ്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജെ പി പട്‌നായികിന്റെ മരുകന്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം ബിജെഡിയില്‍ ചേര്‍ന്ന സൗമ്യ രഞ്ജന്‍ ഖണ്ടാപാര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്കു മല്‍സരിക്കുന്നത്. നിരഞ്ജന്‍ പട്‌നായികിന്റെ മകന്‍ നബ്‌ജ്യോതി പട്‌നായിക് ബാലസോറില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചു.

ബോലന്‍ഗീര്‍ രാജകുടുംബം

ബോലംഗീര്‍ രാജകുടുംബത്തില്‍പ്പെട്ട സിങ് ദിയോകളാണ് അടുത്തത്. കുടുംബനാഥനായ എ യു സിങ് ദിയോ ബിജെഡി രാജ്യസഭാ എംപിയാണ്. രണ്ട് മക്കളില്‍ സിറ്റിങ് എംപി കൈലേഷ് നരായണ്‍ സിങ് ദിയോ വീണ്ടും ബോലന്‍ഗീറില്‍ മല്‍സരിച്ചു. ഇളയ മകന്‍ അര്‍കേഷ് ബോലന്‍ഗീര്‍ അസംബ്ലി മണ്ഡലത്തിലാണ് ജനവധി തേടിയത്. രണ്ടു പേരും ബിജെഡിയിലാണ്.

ബിസ്വാളുകള്‍

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹേമമന്ദി ബിസ്വാള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മകന്‍ സുനിത സുന്ദര്‍ഗഡില്‍ മല്‍സരിച്ചത് ബിജെഡി ടിക്കറ്റില്‍. അതേ സമയം, ബിസ്വാളിന്റെ ഇളയ മകള്‍ സുന്ദര്‍ഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ആര് ജയിച്ചാലും കുടുംബത്തില്‍ ഒരു എംഎല്‍എ ഉണ്ടാവും.

ഗമാങുകള്‍

മുന്‍ ഒഡിഷ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കോണ്‍ഗ്രസിലാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. എന്നാല്‍, മകന്‍ സിസിറിനോടൊപ്പം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. അതേ സമയം, ഗമാങിന്റെ ഭാര്യ ഹേമ ബിജെഡിയിലാണ്. 2014ല്‍ ബിജെഡി ടിക്കറ്റില്‍ മല്‍സരിച്ച അവര്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ മല്‍സര രംഗത്തില്ല. ഗുന്‍പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് സിസിര്‍.

നന്ദകളും റാവുത്തുകളും

ഒഡിഷ നടന്‍ പ്രശാന്ത് നന്ദ ബിജെഡി വക്താവും രാജ്യസഭാ എംപിയുമാണ്. മകന്‍ റിഷഭ് കഴിഞ്ഞ മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ബിജെഡി നേതാവ് ദാമോദര്‍ റാവുത്ത് മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി പിണങ്ങി ഈയിടെയാണ് ബിജെപിയോടൊപ്പം നീങ്ങാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ മകന്‍ സാംബിത്ത് റൗേ്രത പാരാദീപ് അസംബ്ലി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. തൊട്ടടുത്ത മണ്ഡലമായ ബലിക്കുഡ-എറസാമ മണ്ഡലത്തിലാണ് ദാമോദര്‍ റാവുത്ത് മല്‍സരിക്കുന്നത്. 

Tags:    

Similar News