ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍
എന്നാല്‍ കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയിരുന്നില്ല
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം.സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാര്‍ലമെന്റ് സാക്ഷ്യംവഹിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും ഇവരെ അനുഗമിച്ചു.
മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാല്‍, ശബ്ദവോട്ടില്‍ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു.
ഓം ബിര്‍ളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് അനുമോദിച്ചു. സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പരസ്പരം ഹസ്തദാനം ചെയ്യുകയുമുണ്ടായി.
അപൂര്‍വ്വമായിട്ടാണ് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കാറുള്ളത്. പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്തിയാണ് സ്പീക്കറെ സാധാരണ തിരഞ്ഞെടുക്കാറുള്ളത്. സ്പീക്കര്‍ പദവിയിലേക്ക് ഭരണപക്ഷ അംഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കലാണ് കീഴ് വഴക്കം. എന്നാല്‍ കഴിഞ്ഞ രണ്ടുതവണയും പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയിരുന്നില്ല. ഇത്തവണ അംഗ ബലം കൂടിയ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു പ്രതിപക്ഷം. സര്‍ക്കാര്‍ സമവായ നീക്കങ്ങള്‍ നടത്തിയപ്പോള്‍ ഈ ആവശ്യമാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും മുന്നോട്ടുവെച്ചത്. എന്നാല്‍ ബിജെപി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.