ഒമിക്രോണ്‍ വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നിരോധിച്ചു
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ക്രിസ്മസ്, പുതുവല്‍സരം എന്നിവയുടെ ഭാഗമായി നടക്കുന്ന ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിട്ടു. ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇതുവരെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും അതിവേഗത്തിലാണ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഡല്‍ഹി. രാജ്യത്ത് ഇതുവരെ 222 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി പോലിസും ഭരണകൂടവും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ദിവസവും ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാതെ വരുന്നവരെ കടകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കരുതെന്ന് വ്യാപാരി അസോസിയേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമിക്രോണ്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ 'വാര്‍ റൂമുകള്‍' സജീവമാക്കാനും രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. വിപുലമായ പരിശോധനയും ഒത്തുചേരലുകളുടെ നിയന്ത്രണവും ഉള്‍പ്പെടുന്ന പ്രതിരോധ, നിയന്ത്രണ നടപടികളുടെ മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും ഇതിനകം വാക്‌സിനേഷന്‍ എടുത്തവരിലും കൊവിഡില്‍നിന്ന് മുക്തരായവരിലും വൈറസ് ബാധിക്കാമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.