വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവിന് ഒഴിഞ്ഞ സിറിഞ്ച് കുത്തിവച്ച് നഴ്‌സ്; ദൃശ്യങ്ങള്‍ പുറത്ത്
യുവാവ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയപ്പോള്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. നഴ്‌സ് ഒരു പുതിയ സിറിഞ്ച് പുറത്തെടുക്കുന്നതും വാക്‌സിനില്ലാതെ തന്നെ യുവാവിനെ കുത്തിവയ്ക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ നഴ്‌സിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തുകയായിരുന്നു.
പട്‌ന: വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവിനെ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്ന നഴ്‌സിന്റെ ദൃശ്യങ്ങള്‍ വൈറലായി. ബിഹാര്‍ ചപ്രയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം. ജൂണ്‍ 21ന് വാകസിന്‍ സ്വീകരിക്കാനെത്തിയ യുവാവിനെ ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച കുത്തിവയ്ക്കുകയായിരുന്നു. യുവാവ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയപ്പോള്‍ സുഹൃത്താണ് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. നഴ്‌സ് ഒരു പുതിയ സിറിഞ്ച് പുറത്തെടുക്കുന്നതും വാക്‌സിനില്ലാതെ തന്നെ യുവാവിനെ കുത്തിവയ്ക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ നഴ്‌സിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തുകയായിരുന്നു.
48കാരിയായ നഴസ് ചന്ദകുമാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ജില്ലാ ഇമ്മ്യൂണൈസേഷന്‍ ഓഫിസര്‍ ഡോ. അജയകുമാര്‍ പറഞ്ഞു. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഇവരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, നഴ്‌സ് മനപ്പൂര്‍വം തെറ്റു ചെയ്തിട്ടില്ലെന്ന് ഡിഐഒ പറഞ്ഞു.
വാക്‌സിനേഷന്‍ സെന്ററിലെ തിരക്കുമൂലം അറിയാതെ സംഭവിച്ചതാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോയില്‍ വാക്‌സിന്‍ ലഭിക്കാത്ത യുവാവിന് എവിടെനിന്ന, എപ്പോള്‍ വേണമെങ്കിലും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, നഴ്‌സ് മനപ്പൂര്‍വം വാക്‌സിന്‍ നല്‍കാതിരുന്നല്ലെന്നും തിരക്കുമൂലം വാക്‌സിന്‍ സിറിഞ്ചില്‍ നിറയ്ക്കാന്‍ മറന്നുപോയതാവുമെന്നും വീഡിയോയിലെ യുവാവ് പറഞ്ഞു.
നഴ്‌സിനെതിരേ നടപടി സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഡിയോ ചിത്രീകരിച്ച സുഹൃത്ത് അറിയിച്ചപ്പോഴാണ് നഴ്‌സില്‍നിന്നുണ്ടായ പിഴവിനെക്കുറിച്ച് തനിക്ക് മനസ്സിലായതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം റെക്കോര്‍ഡുചെയ്യാനാണ് ഞാന്‍ വീഡിയോ വെറും വിനോദത്തിനായെടുത്തതെന്ന് സുഹൃത്ത് പ്രതികരിച്ചു. വൈകീട്ട് വീഡിയോ പരിശോധിക്കുമ്പോള്‍ നഴ്‌സ് സിറിഞ്ചിന് മുകളിലുള്ള പ്ലാസ്റ്റിക് കവര്‍ നീക്കം ചെയ്തശേഷം വാക്‌സിന്‍ നിറയ്ക്കാതെ കുത്തിവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാക്‌സിനേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥരെ അറിയിച്ചതായും പ്രശ്‌നം പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.