പായ്ക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവ്; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ചെന്നൈ: പായ്ക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് നിര്‍മാതാക്കളായ ഐടിസി ഫുഡ് ഡിവിഷനാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതി പിഴ വിധിച്ചത്. പായ്ക്കറ്റില്‍ അവകാശപ്പെട്ടതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് പ്രസ്തുത ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്ക് ഫോറം നിര്‍ദേശം നല്‍കി. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നത്. പായ്ക്കറ്റ് തുറന്നപ്പോള്‍ 15 എണ്ണമാണുണ്ടായിരുന്നത്. എന്നാല്‍, എണ്ണത്തിനു പകരം തൂക്കമാണ് അടിസ്ഥാനമാക്കേണ്ടതെന്ന് കമ്പനി വാദിച്ചെങ്കിലും ഉപഭോക്തൃ കോടതി അംഗീകരിച്ചില്ല. ബിസ്‌കറ്റിന്റെ എണ്ണം പായ്ക്കറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ഉപഭോക്താക്കള്‍ കാണുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി.
ഉല്‍പ്പന്നത്തെക്കുറിച്ച് പായ്ക്കറ്റിലുള്ള വിവരങ്ങള്‍ ഉപഭോക്താവിനെ സ്വാധീനിക്കും. പലരും അതു നോക്കിയാണ് ഉല്‍പ്പന്നം വാങ്ങുന്നത്. വിഷയത്തില്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചത് തെറ്റായ കച്ചവട രീതിയാണെന്ന് ഫോറം കുറ്റപ്പെടുത്തി. കമ്പനിക്കു നൂറു കോടി പിഴ ചുമത്തണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് വലിയ തുകയാണന്നു ചൂണ്ടിക്കാട്ടിയാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അതോടൊപ്പം തന്നെ ബിസ്‌ക്കറ്റ് വിറ്റ കച്ചവടക്കാരന് തെറ്റില്‍ പങ്കില്ലെന്നും അതിനാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കാനാവില്ലെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.