പിന്നാക്ക-ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ഡയറ്റ് സര്‍വേ

ഡിജിറ്റല്‍ സൗകര്യം ഉണ്ടായിട്ടും ക്ലാസുകള്‍ കാണാത്ത 12 ശതമാനം കുട്ടികളുണ്ട്. മുഴുവന്‍ ക്ലാസുകളും കണ്ടത് 60 ശതമാനം കുട്ടികള്‍ ആണ്.

Update: 2021-06-23 03:53 GMT

കണ്ണൂര്‍: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും ആദിവാസി-ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയുണ്ടാക്കുന്നതായി കണ്ണൂര്‍ ഡയറ്റ് സര്‍വേ റിപോര്‍ട്ട്. ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതും പ്രതിസന്ധിക്ക് വര്‍ധിപ്പിക്കുന്നതായും പഠന സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ ഡിജിറ്റല്‍ വിദ്യാലയത്തെക്കുറിച്ച് ഡയറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകള്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കാനാണ് രക്ഷിതാക്കളും കുട്ടികളും ആഗ്രഹിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ഭിന്നശേഷി കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന രീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോ പിന്തുണയോ നല്‍കാന്‍ കഴിയുന്നില്ല. രക്ഷിതാക്കളുടെ ഇടപെടല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി 19 ശതമാനം കുട്ടികള്‍ സര്‍വേയില്‍ വ്യക്തമാക്കി.

    ഡിജിറ്റല്‍ സൗകര്യം ഉണ്ടായിട്ടും ക്ലാസുകള്‍ കാണാത്ത 12 ശതമാനം കുട്ടികളുണ്ട്. മുഴുവന്‍ ക്ലാസുകളും കണ്ടത് 60 ശതമാനം കുട്ടികള്‍ ആണ്. വീടുകളില്‍ പഠനകാര്യത്തില്‍ മാതാപിതാക്കളുടെ പിന്തുണയില്ലാത്തതും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളുടെ മൊബൈല്‍ ഉപയോഗം കൂടിയതായും പഠനത്തില്‍ താല്‍പര്യം കുറഞ്ഞ് അലസതയേറിയതായും രക്ഷിതാക്കള്‍ വിലയിരുത്തുന്നു. പരീക്ഷ നടത്തി കുട്ടികളുടെ പഠനമികവ് വിലയിരുത്താന്‍ കഴിയുന്നില്ലെന്ന് അധ്യാപകരും വ്യക്തമാക്കി. കൂടുതല്‍ കുട്ടികളും തങ്ങളുടെ അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നെറ്റ് വര്‍ക്ക് ലഭ്യത കുറവ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി 81 ശതമാനം രക്ഷിതാക്കളും പറയുന്നു. ഓണ്‍ലൈന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അധ്യാപകര്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ വിലയിരുത്തി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. കണ്ടെത്തിയ പൊതുപ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.

    പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക പ്രശ്്‌നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തിര നടപടി എന്ന നിലയില്‍ രക്ഷിതാക്കള്‍ക്കായി വീടാണ് വിദ്യാലയം 2.0 എന്ന പേരില്‍ പരിശീലന പരിപാടികള്‍ ഡയറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ജില്ലയിലെ ഏല്ലാ പൊതു വിദ്യാലയങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പ്രത്യേക ചോദ്യാവലികള്‍ നല്‍കിയാണു പഠനം നടത്തിയത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനാണ് ചോദ്യാവലിയില്‍ ഊന്നല്‍ നല്‍കിയത്. അധ്യാപകരുടെ ഇടപെടലും പിന്തുണയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡയറ്റിലെ സീനിയര്‍ ലക്ചറര്‍മാരായ ഡോ. കെ പി ഗോപിനാഥന്‍, ഡോ. കെ പി രാജേഷ്, ലക്ചറര്‍ കെ ബീന എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

    പഠന റിപോര്‍ട്ട് അവതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ പി ഗോപിനാഥന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, ഡിപിഎസ്‌കെ ടി പി അശോകന്‍ പങ്കെടുത്തു.

online education is a crisis for backward and tribal students: Kannur Diat Survey

Tags:    

Similar News