നാഗാലാന്റ്: 371 എ വകുപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഈ രീതി നാഗാലാന്റില്‍ നടത്താന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി നിലകൊള്ളും-ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമന നിയമസഭയില്‍ പറഞ്ഞു
കൊഹിമ: നാഗാലാന്റിലെ ജനങ്ങള്‍ക്കു പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 371 എ വകുപ്പ് റദ്ദാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്നു നാഗാലാന്റ് ബിജെപി ഘടകം. നാഗാലാന്റിലെ ജനങ്ങള്‍ക്കു പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 371 എ വകുപ്പ്. ഇത് റദ്ദാക്കാനുള്ള എല്ലാ ശ്രമവും തടയുക തന്നെ ചെയ്യും- നാഗാലാന്റ് ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമന നിയമസഭയില്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ നാഗാലാന്റ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകളെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഈ രീതി നാഗാലാന്റില്‍ നടത്താന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി നിലകൊള്ളും. നാഗ ജനതയുടെ ഭയവും, പരാതിയും, ധാരണകളും, സംശയങ്ങളും ഡല്‍ഹിയിലെ നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. നാഗ ജനതയുടെ മൗലികമായ ചരിത്രത്തെ അവര്‍ ബഹുമാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷ- ടിംമജന്‍ ഇംമന നിയമസഭയില്‍ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ നാഗാലാന്റ് സമ്മതിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് നാഗാലാന്റിലെ ജനങ്ങള്‍ക്കു പ്രത്യേക അധികാരം നല്‍കുന്ന 371 എ വകുപ്പ് ഭരണഘടനയില്‍ ഉള്‍പെടുത്തിയത്. ഇതു പ്രകാരം നാഗാ ജനതക്കു പ്രത്യേക സിവില്‍, ക്രിമിനല്‍ നിയമങ്ങളാണ്.
ഒരു രാജ്യം ഒരു നിയമം എന്ന കേന്ദ്രസര്‍ക്കാര്‍ മുദ്രാവാക്യം പ്രത്യേക അധികാരങ്ങളുള്ള നാഗാലാന്റ് അടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ചേക്കുമോ എന്ന ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി അധ്യക്ഷന്റെ നിയമസഭയിലെ പ്രസ്താവന.