കൊവിഡ് പ്രതിരോധം, മുട്ടില്‍ മരം കൊള്ള:മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മുമ്പ് നിസാരകാര്യങ്ങള്‍ക്ക് വരെ പത്രസമ്മേളനം വിളിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണെന്നും വി ഡി സതീശന്‍ ചോദിച്ചു.25,000ത്തോളം കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും എന്നിട്ടാണ് കൊവിഡ് മരണനിരക്ക് കേരളത്തില്‍ കുറവാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.മരണനിരക്ക് കേരളത്തില്‍ കുറവാണെന്ന ക്രെഡിറ്റ് എടുക്കാനാണ് ഈ ശ്രമം

Update: 2021-08-27 07:35 GMT

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയന്നത് കേട്ട് മാത്രം ഭരണ നടത്തുന്നവരായി മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് പ്രതിരോധിക്കുന്നതില്‍ കേരളം വന്‍ പരജയമായി മാറിയിരിക്കുകയാണ്.മുമ്പ് നിസാരകാര്യങ്ങള്‍ക്ക് വരെ പത്രസമ്മേളനം വിളിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

25,000ത്തോളം കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും എന്നിട്ടാണ് കൊവിഡ് മരണനിരക്ക് കേരളത്തില്‍ കുറവാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.മരണനിരക്ക് കേരളത്തില്‍ കുറവാണെന്ന ക്രെഡിറ്റ് എടുക്കാനാണ് ഈ ശ്രമം.ഇന്ത്യയിലെ 68 ശതമാനം കൊവിഡ് രോഗികള്‍ കേരളത്തിലാണ്.ടിപിആര്‍ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് കേരളത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും കേരള മോഡല്‍ ഗംഭീരവിജയമാണെന്നും മുഖ്യമന്ത്രി അവകാശവാദം മുന്നയിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണ നടപടികളില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും യാതൊരു റോളുമില്ലാത്ത വിധം കുറച്ചു ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.അവര്‍ പറയുന്നത് ഏറ്റുപാടുകയാണ് മുഖ്യമന്ത്രി.വളരെ ഗുരുതരമായ സ്ഥിതിയാണ് കേരളത്തിലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കോടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി. വാക്‌സിന്‍ പൊതുമേഖലയില്‍ നിന്നും വാങ്ങി സ്വകാര്യ സംരഭങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണം കാര്യക്ഷമമായി എന്തു കൊണ്ടു നടത്തുന്നില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു.നൂറു ശതമാനം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും ഫാമിലി ക്ലസ്റ്റര്‍ പരിപാടി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം.കൊവിഡിനെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സ്വീകരിച്ച മാതൃക കേരളം കണ്ടു പഠിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുട്ടില്‍ മരം മുറിക്കേസില്‍ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്.അദ്ദേഹം മരമുറിക്കേസുമായി ബന്ധപ്പെട്ട സഹോദരന്മാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.ഈ കേസ് പിടിച്ച വനം വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ നേതൃത്വം നല്‍കിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രി ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇയാളുമായി എന്താണ് ബന്ധമെന്നും വി ഡി സതീശന്‍ ചോദിച്ചു.ധര്‍മ്മടം സഹോദരന്മാരും മരംമുറി സഹോദരന്മാരും തമ്മില്‍ എന്താണ് ബന്ധമെന്നും വി ഡി സതീശന്‍ ചോദിച്ചു.

ധര്‍മ്മടം ബന്ധമാണ് മരംമുറികേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.ഈ പ്രതികള്‍ എവിടെയാണ് ഒളിവില്‍ താമസിച്ചിരുന്നതെന്ന് സര്‍ക്കാരും പോലിസും വ്യക്തമാക്കണം.പ്രതിപക്ഷ നിയമസഭയില്‍ നിരന്തരമായി ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.അതുവരെ പ്രതികള്‍ എവിടെയായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ആരാണ് ഇവരെ ഒളിവില്‍ താമസിപ്പിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു.സര്‍ക്കാരുമായി ബന്ധമുള്ളവരാണ് മരം മുറി കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മാഫിയയുമായി സര്‍ക്കാരിന് നേരിട്ട് ബന്ധമാണെന്നും എന്നിട്ടാണ് ന്യായം പറയുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കഴിഞ്ഞ നൂറു ദിവസത്തെ ബാലന്‍സ് ഷീറ്റ് ഇതൊക്കെയാണ്.ഡോളര്‍ക്കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കി.ഈ വിവരം പ്രതിപക്ഷം നിയമസഭില്‍ കൊണ്ടുവന്നപ്പോള്‍ അത് അവതരിപ്പിക്കാന്‍ പോലും അനുവദിച്ചില്ല.ഡോളര്‍ക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.തട്ടിപ്പു കേസിലെ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം സിബി ഐക്ക് വിട്ടു.എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടിയില്ല.ഇതിനര്‍ഥം ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു നീതിയും പിണറായി വിജയനെതിരെ മറ്റൊരു നീതിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News