ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: എം കെ ഫൈസി

എസ്ഡിപിഐ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കും

Update: 2022-12-13 13:49 GMT

ജയ്പൂര്‍ (രാജസ്ഥാന്‍): രാജ്യവും ഭരണഘടനയും ഒരുപോലെ ഭീഷണിയിലാണെന്നും ദേശീയ സ്വത്തുക്കള്‍ ഒന്നിനുപുറകെ ഒന്നായി വിറ്റഴിക്കുന്ന ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. രാജസ്ഥാനിലെ ജയ്പൂരില്‍ ചേര്‍ന്ന ദ്വിദിന ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന മാധ്യമ പ്രവർത്തകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പൊതുതിരഞ്ഞെടുപ്പുകളില്‍ കഴിയുന്നത്ര നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റയ്‌ക്കോ മറ്റ് മതേതര പാര്‍ട്ടികളുമായി സഖ്യത്തിലോ മത്സരിക്കും.

യുവാക്കള്‍ക്ക് ജോലിയും പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഭക്ഷണവും നല്‍കുന്നതിന് പകരം രാജ്യത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടാന്‍ ഏകീകൃത സിവില്‍ കോഡിന്റെയും വഖഫ് ഭൂമിയുടെയും ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കുന്ന തിരക്കിലാണ് ബിജെപി. ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്നതിന് പകരം അധികാരം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും എഎപിയും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.

എസ്ഡിപിഐ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് റിസ്വാന്‍ ഖാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ സോഷ്യല്‍ ഡെമോക്രാറ്റിക് സഖ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുവരെ നാല് രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ശക്തമായ സഖ്യം രൂപീകരിക്കാന്‍ കൂടുതല്‍ പാര്‍ട്ടികള്‍ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനും ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനും പാര്‍ട്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി സഖ്യകക്ഷികളുമായി സഹകരിക്കാനും എസ്ഡിപിഐ തയ്യാറാണെന്നും എം കെ ഫൈസി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികള്‍ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി, ദേശീയ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷെഫി, ബിഎം കാംബ്ലെ, ജനറല്‍ സെക്രട്ടറിമാരായ ഇല്യാസ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ പങ്കെടുത്തു.

Similar News