വഖ്ഫ് നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

വഖ്ഫ് സ്വത്തുക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പോലും മൊഴികള്‍ രേഖപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.

Update: 2024-10-28 10:09 GMT
വഖ്ഫ് നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വഖ്ഫ് സ്വത്തുക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പോലും മൊഴികള്‍ രേഖപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് അംഗം മുഹമ്മദ് ജാവേദ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് മൊഹീബുല്ല നദ്‌വി തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്.

ഡല്‍ഹി വഖ്ഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ ഒരു റിപോര്‍ട് പരിഗണിക്കുന്നതിനെയും പ്രതിപക്ഷം എതിര്‍ത്തു. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഈ റിപോര്‍ട്ട് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഈ റിപോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അതിഷി, സംയുക്ത പാര്‍ലമെന്ററി സമിതിക്ക് പ്രത്യേകം കത്തെഴുതിയിരുന്നു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡുകളുടെ നിലപാടുകളാണ് ഇന്നത്തെ യോഗം പരിശോധിച്ചത്. ഇനി, സുപ്രിംകോടതി, ഹൈക്കോടതി, അഭിഭാഷകരുടെയും കോള്‍ ഫോര്‍ ജസ്റ്റിസ്, ഡല്‍ഹി വഖ്ഫ് ടെനന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെയും വാദങ്ങള്‍ കേള്‍ക്കും.

മുമ്പ് നടന്ന യോഗത്തില്‍ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജിയും ബിജെപി എംപിയുമായ അഭിജിത് ഗംഗോപാധ്യയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കുപ്പി പൊട്ടി ബാനര്‍ജിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

Similar News