ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ടെത്തി കൂടിക്കാഴ്ച നടത്തി

Update: 2021-01-29 06:37 GMT

മലപ്പുറം: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി മുസ് ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് പാണക്കാട്ടെത്തിയത്. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത കാലത്തായി മുസ് ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ടാവുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനാണ് ഞങ്ങള്‍ വന്നതെന്നും മുസ് ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയില്ലെന്നു വ്യക്തമാക്കാന്‍ കൂടിയാണ് സന്ദര്‍ശനമെന്നും സഭാ പ്രതിനിധകള്‍ പറഞ്ഞു.നേരത്തേ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ക്രിസ്തുമസ് നാളിലും മറ്റും ക്രൈസ്തവ സഭകള്‍ സന്ദര്‍ശിച്ചിരുന്നു.

    ഹാഗിയ സോഫിയ മസ്ജിദ്, ലൗ ജിഹാദ് വിഷയങ്ങളില്‍ ചില ക്രൈസ്തവ വിഭാഗങ്ങള്‍ സംഘപരിവാര കുപ്രചാരണങ്ങളുടെ മറപിടിച്ച് മുസ് ലിംകള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നത് ഈയിടെ കൂടിവന്നിരുന്നു. എന്നാല്‍, വ്യാജ ക്രിസ്ത്യന്‍ ഐഡികളിലൂടെ സംഘപരിവാരമാണ് ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ക്കു പിന്നിലെന്നു തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതിനിടെ, ഹാഗിയ സോഫിയ വിഷയത്തില്‍ മുസ് ലിം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യില്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനവും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍, ഹാഗിയ സോഫിയ ലേഖനത്തില്‍ വീഴ്ച പറ്റിയതായി സമ്മതിക്കുകയും ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം എം കെ മുനീര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സഭാ മേലധ്യക്ഷന്‍മാരും പാണക്കാട് തങ്ങള്‍മാരും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

Orthodox leaders visit at Panakatt

Tags:    

Similar News