'അമേരിക്കന്‍ ജനതയ്‌ക്കൊരു കത്ത്'; യുഎസില്‍ വൈറലായി ഉസാമാ ബിന്‍ ലാദിന്റെ കത്ത്
വാഷിങ്ടണ്‍: അമേരിക്കയുടെ സമ്പൂര്‍ണ പിന്തുണയോടെ ഫലസ്തീനില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ, യുഎസില്‍ ഉസാമാ ബിന്‍ലാദിന്റെ കത്ത് വൈറലാവുന്നു. അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിന്‍ അമേരിക്കന്‍ ജനതയ്ക്ക് എഴുതിയ കത്താണ് 21 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഫലസ്തീന്‍ അധിനിവേശത്തെ കുറിച്ച് പരാമര്‍ശിക്കുന്ന കത്തില്‍ അമേരിക്കന്‍ ഭരണത്തില്‍ ഇസ്രായേലിന്റെയും സയണിസ്റ്റുകളുടെയും സ്വാധീനം എന്താണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ടിക്‌ടോക്ക് വീഡിയോകളിലൂടെ ഉസാമ ബിന്‍ ലാദിന്റെ കത്തിലെ പരാമര്‍ശങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയത്.
2002 നവംബര്‍ 24 ഞായറാഴ്ചയാണ് ഉസാമ ബിന്‍ ലാദന്‍ 'അമേരിക്കന്‍ ജനതയ്ക്കുള്ള കത്ത്' എന്ന അടിക്കുറിപ്പോടെ കത്തെഴുതിയത്. പ്രമുഖ അമേരിക്കന്‍ മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് കത്ത് പ്രസിദ്ധീകരിച്ചത്. ഫലസ്തീന്‍ അധിനിവേശത്തിന് ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയാണ് സപ്തംബര്‍ 11 ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഉസാമ ബിന്‍ലാദിന്‍ കത്തില്‍ പറയുന്നുണ്ട്. 'ദി ഗാര്‍ഡിയന്റെ വെബ്‌സൈറ്റില്‍ കത്ത് വായിക്കാന്‍ ലഭിച്ചിരുന്നെങ്കിലും, ഉസാമ ബിന്‍ലാദിന്റെ പരാമര്‍ശങ്ങളെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തെത്തുകയും കത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തതോടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. 21 വര്‍ഷം പഴക്കമുള്ള കത്തിലെ പരാമര്‍ശങ്ങളെ പിന്തുണച്ച് നിരവധി പേരാണ് ടിക് ടോക്കിലൂടെ രംഗത്തെത്തിയത്. ലിനറ്റ് അഡ്കിന്‍സ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ നിന്നാണ് ലാദിന്റെ കത്ത് ടിക് ടോക്കില്‍ ട്രെന്‍ഡിങ് തുടങ്ങിയത്. ഏകദേശം 12 ദശലക്ഷത്തോളം അനുയായികളുള്ള ലിനറ്റ് എല്ലാവരും ഇപ്പോള്‍ ചെയ്യുന്നത് നിര്‍ത്തി അമേരിക്കയ്ക്കുള്ള കത്ത് വായിക്കണമെന്നും ഞാനിപ്പോള്‍ ഒരു അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോവുന്നത് പോലെയാണ് എനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനു മറുപടിയായി എന്റെ കണ്ണുകള്‍ തുറന്നിരിക്കുന്നു, ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ നുണ പറയപ്പെട്ടു, ഉസാമയെ കണ്ടെത്തി കൊലപ്പെടുത്തിയപ്പോള്‍ ആളുകള്‍ ആഹ്ലാദിക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു എന്നിങ്ങനെയാണ് മറുപടി നല്‍കിയിട്ടുള്ളത്. ടിക് ടോക് ഈ തലമുറയെ രക്ഷിക്കാന്‍ പോവുന്നുവെന്നും കാരണം പ്രായമായ ആളുകള്‍ 'ഒരു പ്രത്യേക രീതിയില്‍ ചിന്തിക്കാന്‍ പ്രോഗ്രാം ചെയ്തിരിക്കുന്നുവെന്നും ലിനറ്റ് മറുപടി നല്‍കുന്നുണ്ട്. ടിക് ടോക്ക് സെര്‍ച്ചിലെ ട്രെന്‍ഡിങില്‍ 'അമേരിക്കക്കുള്ള ഉസാമയുടെ കത്ത് , അമേരിക്കയ്ക്കുള്ള ഒരു കത്ത് പൂര്‍ണരൂപം, അമേരിക്കയ്ക്കുള്ള കത്ത് തുടങ്ങിയവയാണ് മുന്നിലുള്ളത്. ഗസയില്‍ യുദ്ധക്കുറ്റം ചെയ്യുന്നുവെന്ന ആരോപണം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഉസാമാ ബിന്‍ ലാദന്റെ ഇസ്രായേല്‍ വിരുദ്ധ സന്ദേശം വീണ്ടും വൈറലായത്. എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും ലാദിന്റെ കത്ത് വൈറലാവുന്നുണ്ട്.
'9/11' എന്നറിയപ്പെടുന്ന അമേരിക്കയെ വിറപ്പിച്ച 2001ലെ ഇരട്ടഗോപുരം ആക്രമണത്തിനു പിന്നാലെയാണ് ഉസാമ ബിന്‍ലാദിന്‍ കത്തെഴുതിയത്. യുഎസിന്റെ മണ്ണില്‍ നടന്ന ഏറ്റവും കടുത്ത തിരിച്ചടികളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട സംഭവത്തെ 'നമ്മുടെ ഫലസ്തീന്‍ അധിനിവേശത്തില്‍ ഇസ്രായേലികളെ പിന്തുണയ്ക്കുന്നതിന്റെ പ്രതിഫലനമായാണ് പറയുന്നത്. കത്ത് വീണ്ടും ഉയര്‍ന്നുവന്നതോടെ 2023 നവംബര്‍ 15ന് ബുധനാഴ്ച കത്ത് നീക്കംചെയ്തിട്ടുണ്ട്. ഫലസ്തീനിലും ഗസയിലും വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് കത്ത് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഹമാസിനെ തീര്‍ത്തുകളയുന്നതുവരെ യുദ്ധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഉസാമയുടെ കത്ത് വന്‍തോതില്‍ വൈറലായത് എന്നതും ശ്രദ്ധേയമാണ്. സപ്തംബര്‍ 11 ആക്രമണം അമേരിക്കയുടെ ശീതയുദ്ധ കാലഘട്ടത്തിനുള്ള പ്രതികാരമാണെന്ന് ബിന്‍ലാദിന്‍ കത്തില്‍ അവകാശപ്പെടുന്നത്. ശീതയുദ്ധ കാലഘട്ടത്തില്‍ യുഎസ് പശ്ചിമേഷ്യയില്‍ ഇടപെടുകയും ഇസ്രായേല്‍ ഫലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും നിരവധി ദശാബ്ദങ്ങളായി ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുകയും ചെയ്തതായും ഉസാമ കത്തില്‍ പറയുന്നുണ്ട്. അറബിയില്‍ എഴുതിയ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരുന്നത്. ആയിരക്കണക്കിന് ടിക് ടോക്ക് ഉപയോക്താക്കള്‍ ഒറ്റ ദിവസം കൊണ്ടാണ് വീഡിയോ ക്ലിപ്പുകളിലൂടെയും മറ്റും ഉസാമയുടെ നിരീക്ഷണങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. ആളുകള്‍ ഇതിനെ ടിക് ടോക് സുനാമി എന്ന് വിളിക്കുകയും സിവിലിയന്മാരെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന ഭരണകൂട നടപടിയില്‍ അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. ഫലസ്തീന്‍ പതിറ്റാണ്ടുകളായി അധിനിവേശത്തിലാണ്. സപ്തംബര്‍ 11ന് ശേഷം നിങ്ങളുടെ പ്രസിഡന്റുമാരാരും അതേക്കുറിച്ച് സംസാരിച്ചിട്ടില്ല.. ഫലസ്തീനെ ബന്ദികളാക്കരുത്. കാരണം ഞങ്ങള്‍ അതിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ ശ്രമിക്കും എന്ന് പറഞ്ഞാണ് ബിന്‍ലാദിന്‍ കത്ത് അവസാനിപ്പിക്കുന്നത്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സയുടെ പേരിലാണ് ഗസയില്‍ ഇസ്രായേല്‍ വന്‍ മനുഷ്യക്കുരുതി നടത്തുന്നത്. ഒക്ടോബര്‍ ഏഴ് ഇസ്രായേലിന്റെ '9/11' ആണെന്നും ഹമാസിനെ നശിപ്പിക്കുമെന്നുമാണ് സയണിസ്റ്റ് സൈന്യത്തിന്റെ നിലപാട്.
അതേസമയം, 2002 മുതല്‍ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്ന കത്ത് ഇപ്പോള്‍ ചര്‍ച്ചയായപ്പോള്‍ ദി ഗാര്‍ഡിയന്‍ പിന്‍വലിച്ചതോടെ നിരവധി പേര്‍ ഇതിന്റെ കോപ്പി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഗാര്‍ഡിയന്‍ പിന്‍വലിച്ചതോടെ കത്ത് വായിക്കാനും വീഡിയോകള്‍ കാണാനും ആളുകളില്‍ താല്‍പ്പര്യം വര്‍ധിച്ചതായാണ് പറയപ്പെടുന്നത്. കത്ത് നീക്കം ചെയ്തതായി ദി ഗാര്‍ഡിയന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ പക്ഷപാതിത്വമാണ് വെളിപ്പെടുന്നതെന്നും അതിനെ നിയന്ത്രിക്കുന്ന ശക്തികള്‍ സത്യത്തെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കന്‍ മാധ്യപ്രവര്‍ത്തകന്‍ യാഷര്‍ അലി എക്‌സില്‍ പോസ്റ്റ് ചെയ്തു. അവരില്‍ പലരെയും ഞാന്‍ ഒരുപാട് നിരീക്ഷിച്ചിട്ടുണ്ട്. തീവ്രവാദം എന്ന് പലപ്പോഴും മുദ്രകുത്തപ്പെടുന്നത് എതിരാളികളോടുള്ള ശത്രുതയാണെന്നും പ്രതിരോധത്തിന്റെ നിയമപരമായ രൂപമാകുമെന്നതിനെക്കുറിച്ചുള്ള അവരുടെ വീക്ഷണം പുനര്‍വിചിന്തനം നടത്താന്‍ ഇത് അവരെ പ്രേരിപ്പിച്ചെന്നും യാഷര്‍ അലി കുറിച്ചു. ടിക് ടോക്കില്‍ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ടിക് ടോക്ക് നിരോധിക്കണമെന്നാണ് യുഎസിലെ ചിലര്‍ ആവശ്യപ്പെട്ടത്. 2011 മെയ് മാസം പാകിസ്താനിലെ ആബട്ടാബാദിലെ ഒരു കെട്ടിടത്തില്‍ രാത്രിയില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയാണ് ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ബിന്‍ ലാദിന്റെ മയ്യിത്ത് കടലില്‍ തള്ളുകയായിരുന്നു.