കര്‍ഷക പോരാളികളെ കരഞ്ഞ് കൊണ്ട് യാത്രയാക്കി പെണ്‍കുട്ടി; വൈറലായി സിംഘുവില്‍ നിന്നുള്ള വീഡിയോ

Update: 2021-12-14 10:53 GMT

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരേ വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം അവസാനിക്കുമ്പോള്‍ അതിര്‍ത്തി സാക്ഷിയായത് വൈകാരികമായ നിമിഷങ്ങള്‍ക്ക്.

Full View

കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച സിംഘു അതിര്‍ത്തി കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ച് കര്‍ഷക പോരാളികള്‍ മടങ്ങുമ്പോഴും മാധ്യമ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരു വര്‍ഷത്തോളം അതിര്‍ത്തിയില്‍ കുടിലുകെട്ടി സമരം നടത്തിയ കര്‍ഷകരും പ്രദേശവാസികളും തമ്മില്‍ ഊഷ്മളമായ ബന്ധമായിരുന്നു നില നിന്നിരുന്നതെന്ന് തെളിയിക്കുന്നതാണ് അവിടെ നിന്നുള്ള ദൃശ്യങ്ങള്‍.

സമരം അവസാനിപ്പിച്ച സിംഘു അതിര്‍ത്തിയില്‍ നിന്ന് അവസാന സംഘം പോവാനൊരുങ്ങുമ്പോള്‍ കരഞ്ഞ് കൊണ്ട് യാത്രയാക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. സിംഘു അതിര്‍ത്തിയിലെ സോനിപത്തിലുള്ള ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കര്‍ഷക പോരാളികളെ കരഞ്ഞ് കൊണ്ട് യാത്രയാക്കുന്നത്.

കര്‍ഷക പ്രക്ഷോഭവം അവസാനിപ്പിച്ച് പോകുന്ന കര്‍ഷകര്‍ സമരം നടത്തിയ സ്ഥലങ്ങളും റോഡുകളും ശുചീകരിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു.

സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.

Tags:    

Similar News