ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് താരം ജെയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ദി ഗോഡ്ഫാദര്‍ സിനിമയിലെ സണ്ണി കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് കാന്‍ പ്രശസ്തി നേടിയത്. ദി ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു സഹനടനുള്ള ഓസ്‌കാര്‍ അവാര്‍ഡിനും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അതിഥി വേഷവും ചെയ്തിരുന്നു.
ദ ഗ്ലോറി ഗയ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശവും ദ ഗാംബ്ലര്‍, ഫണ്ണി ലേഡി തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദേശവും ലഭിച്ചു. റോളര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സാറ്റേണ്‍ പുരസ്‌കാരം നേടി. 1966ലെ എല്‍ ഡൊറാഡോ, 1967ലെ കൗണ്ട് ഡൗണ്‍, ദി റെയിന്‍ പീപ്പിള്‍ (1969), ബ്രയാന്‍സ് സോങ് (1971), സിന്‍ഡ്രല്ല ലിബര്‍ട്ടി (1973), , മിസറി (1990), തീഫ് (1981), ബോട്ടില്‍ റോക്കറ്റ് (1996), ഇര്‍മലാ ഡോസ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.
1940ല്‍ ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സിലായിരുന്നു ജെയിംസ് കാനിന്റെ ജനനം. സോഫി, ആര്‍തര്‍ കാന്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങള്‍ക്കൊപ്പം വളര്‍ന്നു. ന്യൂയോര്‍ക്കിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മിഷിഗണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. ഫുട്‌ബോളിനോടായിരുന്നു ജയിംസ് കാനിന് താല്‍പ്പര്യം. തുടര്‍ന്ന് പ്ലേഹൗസ് സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു.
വില്യം ഗോള്‍ഡ്മാന്റെ നാടകത്തില്‍ അഭിനയിച്ചാണ് കാന്‍ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടു. 1961 ല്‍ റൂട്ട്് 66 എന്ന സീരിസിലുടെ മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. 1963 ലെ ഇര്‍മലാ ഡൗസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1980ളുടെ തുടക്കത്തില്‍ ലഹരിക്ക് അടിമപ്പെട്ട കാനിന്റെ ജീവിതം പിന്നീട് ബുദ്ധിമുട്ടേറിയതായിരുന്നു. 81ല്‍ സഹോദരിയുടെ അപ്രതീക്ഷിത മരണം കാനിനെ തളര്‍ത്തി. പിന്നീട് 1991ല്‍ മിസറിയി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. 2021ല്‍ പുറത്തിറങ്ങിയ ക്വീന്‍ ബീസാണ് കാനിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.