ഭോപാലിലെ ജലസംസ്‌കരണ പ്ലാന്റില്‍ ക്ലോറിന്‍ വാതക ചോര്‍ച്ച; 15 പേര്‍ ആശുപത്രിയില്‍

Update: 2022-10-27 06:47 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ക്ലോറിന്‍ വാതക ചോര്‍ച്ച ജനങ്ങളെ പരിഭ്രാന്തിയിലാക്കി. സമീപ പ്രദേശത്തെ നിരവധി പേര്‍ക്ക് അസ്വസ്ഥതകള്‍ നേരിട്ടു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. ആരുടെയും സ്ഥിതി ഗുരുതരമല്ല. നഗരത്തിലെ മദര്‍ ഇന്ത്യ കോളനിയിലെ വെള്ളം ശുചീകരിക്കാനുള്ള ടാങ്കില്‍നിന്നാണ് വാതകം ചോര്‍ന്നത്. ബുധനാഴ്ച വൈകീട്ടോടെ പ്രദേശത്ത് വാതകത്തിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. ഇതിനു പിന്നാലെ പലര്‍ക്കും ചുമയും ഛര്‍ദിയും അനുഭവപ്പെട്ടു.

ചിലര്‍ക്ക് കണ്ണുകളില്‍ എരിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പോലിസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി ഭോപാല്‍ കലക്ടര്‍ അറിയിച്ചു. നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയതമാണെന്ന് ഭോപാല്‍ കലക്ടര്‍ അവിനാഷ് ലവാനിയ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങളെത്തി ഗ്യാസ് സിലിണ്ടര്‍ വെള്ളം നിറച്ച ടാങ്കില്‍ മുക്കി വാതകത്തെ വെള്ളത്തില്‍ ലയിപ്പിച്ചാണ് വന്‍ ദുരന്തമൊഴിവാക്കിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ഗ്യാസ് സിലിണ്ടര്‍ വെള്ള ടാങ്കില്‍ മുക്കിയത്. 900 കിലോഗ്രാമിന്റെ ഗ്യാസ് സിലിണ്ടറായിരുന്നു ചോര്‍ന്നത്.

ആശുപത്രിയില്‍ ചികില്‍സ തേടിയവര്‍ക്ക് ക്യാരമായ കുഴപ്പങ്ങളൊന്നുമില്ലെന്നും ഭയപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കലക്ടര്‍ പറഞ്ഞു. മദര്‍ ഇന്ത്യ കോളനിയില്‍ 400 നും 500 നും ഇടയ്ക്ക് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇഡ്ഗ ഹില്‍സിനു സമീപമാണ് കോളനി സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് പേരെ ബാധിക്കുകയും ചെയ്ത 1984 ലെ ഭോപാല്‍ വാതക ദുരന്തം രൂക്ഷമായി ബാധിച്ച മേഖലയാണ് ഇഡ്ഗ. വാതക ചോര്‍ച്ചയിലേക്ക് നിയച്ച കാരണങ്ങള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

50ലധികം കോളനികളില്‍ ഇന്ന് ജലവിതരണമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും ക്ലോറിന്‍ നീക്കം ചെയ്യുന്നതുവരെ വെള്ളം വിതരണം ചെയ്യില്ല. പ്ലാന്റിന് സമീപത്തെ ജനവാസ കേന്ദ്രങ്ങള്‍ ഇന്നലെ രാത്രി തന്നെ ഒഴിപ്പിക്കുകയും വ്യാഴാഴ്ച രാവിലെ മുതല്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. മിക്ക ആളുകളും രോഗികളും ചുമയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉള്ളവരാണ്.

രൂക്ഷമായ ദുര്‍ഗന്ധം കാരണം രണ്ട് കുട്ടികളും ബോധരഹിതരായി. വിവരമറിഞ്ഞ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് കൈലാഷ് സാരങ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. വാതകചോര്‍ച്ച മൂലം ദുരിതമനുഭവിക്കുന്നവരുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ മന്ത്രി പിന്നീട് ഹമീദിയ ആശുപത്രിയും സന്ദര്‍ശിച്ചു.

Tags:    

Similar News