വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച; എക്‌സിക്യുട്ടീവ് കോച്ച് ബോഗിയിലേക്ക് മഴവെള്ളമിറങ്ങി

Update: 2023-04-26 04:50 GMT
കണ്ണൂര്‍: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. എക്‌സിക്യുട്ടീവ് കോച്ച് ബോഗിയിലെ മേല്‍ഭാഗത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ മഴവെള്ളം കിനിഞ്ഞിറങ്ങി. വെള്ളം നിറയ്ക്കാനും മറ്റുമായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ഇന്ന് കാസര്‍കോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് രാത്രി 11ഓടെ വന്ദേഭാരത് കണ്ണൂരിലെത്തിച്ചത്. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ പുലര്‍ച്ചെ ജീവനക്കാരാണ് ചോര്‍ച്ച ശ്രദ്ധിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ തുടങ്ങി. ഇന്നലെ

    കണ്ണൂരില്‍ ചിലയിടങ്ങളില്‍ മഴയുണ്ടായിരുന്നു. എന്നാല്‍, വലിയ ചോര്‍ച്ചയല്ലെന്നും ചെറിയ ചോര്‍ച്ച ആണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, ചോര്‍ച്ചയുണ്ടായത് സര്‍വീസിനെ ബാധിക്കില്ലെന്നാണ് വിവരം. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അതിന് മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിന്‍ കാസര്‍കോട്ടേക്ക് എത്തിക്കും. എങ്ങനെയാണ് ചോര്‍ച്ചയുണ്ടായതെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.


Tags:    

Similar News