ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പതിനായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധം തുടരുന്നു

Update: 2020-06-03 13:56 GMT

വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ വെളുത്ത വര്‍ഗക്കാരനായ പോലിസുകാരന്‍ കാല്‍കൊണ്ട് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് തുടരുമ്പോഴും പ്രതിഷേധത്തിന് അയവില്ല. അമേരിക്കയിലെ പോലിസ് വംശവെറിക്കെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ 9,300 പേരെയാണ് അറസ്റ്റ് ചെയ്തത്. വൈറ്റ് ഹൗസില്‍ വരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സമീപത്തെ പള്ളിയിലേക്ക് നടന്നുപോയി ഫോട്ടോയെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിതരാക്കിയിരുന്നു. ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന് പറയുമ്പോഴും ഒമ്പത് മിനിറ്റോളം ഫ്‌ളോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി ഞെരിച്ച വെളുത്ത വര്‍ഗക്കാരനായ പോലിസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിനെതിരേ മാത്രമാണ് കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തത്. മരണം നരഹത്യയാണെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

    പോലിസ് ക്രൂരതയ്‌ക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ ചില സമയങ്ങളില്‍ അധികൃതര്‍ ബലപ്രയോഗത്തിലൂടെയാണ് നേരിടുന്നത്. മാധ്യമപ്രവര്‍ത്തകരെയും പോലിസ് വെറുതെവിടുന്നില്ല. ചില നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും സുരക്ഷാ ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്‌തെങ്കിലും പ്രതിഷേധം തുടരുകയാണ്. ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്ന പ്രതിഷേധം പിന്നീട് ചിലയിടങ്ങളില്‍ അക്രമത്തിലേക്കും കൊള്ളയിലേക്കും വരെ നീങ്ങിയിരുന്നു.

    അതിനിടെ, പ്രതിഷേധക്കാര്‍ ഫിലാഡല്‍ഫിയ മുന്‍ മേയര്‍ ഫ്രാങ്ക് റിസോയുടെ പ്രതിമ നീക്കം ചെയ്തു. 10 അടി ഉയരമുള്ള (3 മീറ്റര്‍) വെങ്കല പ്രതിമയാണ് പ്രക്ഷോഭകര്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കംചെയ്തത്.




Tags:    

Similar News