ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
ഭോപ്പാല്‍: റോഡരികില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അനധികൃത കൈയ്യേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം മധ്യപ്രദേശ് ഭരണകൂടം പൊളിച്ചുനീക്കിയത്. സംഭവത്തില്‍ ചൊവ്വാഴ്ച രാത്രി തന്നെ പ്രതിയായ പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ബിജെപി സിദ്ധി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രതിയായ ബിജെപി പ്രവര്‍ത്തകനെതിരേ ദേശീയ സുരക്ഷാ നിയമവും പട്ടികജാതി-പട്ടിക വര്‍ഗ നിയമവും ചുമത്തിയിട്ടുണ്ട്.
മധ്യപ്രദേശിലെ സിദ്ധിയിലാണ് അത്യന്തം ഹീനമായ രീതിയില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രവേഷ് ശുക്ല ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്. ഒരു കൈയില്‍ സിഗരറ്റ് വലിക്കുന്നതിനിടെയാണ് മുഖത്തേക്ക് മൂത്രമൊഴിക്കുന്നത്. നിസ്സഹായനായ ആദിവാസി യുവാവ് എതിര്‍ക്കാന്‍ പോലുമാവാതെ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം രൂക്ഷമായി. ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും വന്‍ ്പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ഇതിനിടെയാണ് ഒന്നിലേറെ പോലിസ് സംഘങ്ങള്‍ സിദ്ധി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ശുക്ലയെ അറസ്റ്റ് ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് സാകേത് മാളവ്യയ്ക്കു മുമ്പാകെ ഹാജരാക്കിയ പ്രവേശ് ശുക്ലയ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥരെത്തി വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചെങ്കിലും പൊളിച്ചുനീക്കാനുള്ള തീരുമാനം നടപ്പാക്കുകയായിരുന്നു. വീട് ശുക്ലയുടെ പിതാവിന്റെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും പേരിലാണെന്ന് വീട്ടുകാര്‍ അപേക്ഷിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എന്നാല്‍ അയാളുടെ കുടുംബത്തെയും അവരുടെ സ്വത്തുക്കളെയും ലക്ഷ്യം വയ്ക്കരുതെന്നും വീട്ടുകാര്‍ കരഞ്ഞ് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, വീഡിയോ വ്യാജമാണെന്നും 'ഞങ്ങളെ കുടുക്കാനുള്ള ഗൂഢാലോചന' നടന്നതായുമാണ് ശുക്ലയുടെ പിതാവ് പറഞ്ഞു. 400 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച അനധികൃത കൈയേറ്റങ്ങളാണ് പൊളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിയമം അതിന്റെ ജോലി ചെയ്യുന്നുവെന്നും ആളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ വാക്കുകള്‍. ഇത് ബിജെപി സര്‍ക്കാരാണ്, ഇവിടെ നിയമവാഴ്ചയുണ്ട്. സംഭവം പുറത്തറിഞ്ഞപ്പോള്‍ എന്‍എസ്എ പ്രകാരം അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനധികൃത കൈയേറ്റങ്ങളെ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കരുതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കമല്‍നാഥും ആവശ്യപ്പെട്ടിരുന്നു. പ്രതിയായ പ്രവേഷ് ശുക്ല ബിജെപി സിദ്ധി എംഎല്‍എ കേദാര്‍നാഥിന്റെ സഹപ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, അദ്ദേഹം എന്റെ പ്രതിനിധിയോ ബിജെപി അംഗം പോലുമോ അല്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും എംഎല്‍എ കേദാര്‍നാഥ് പറഞ്ഞു.
എന്നാല്‍, എംഎല്‍എയുടെ പ്രതിനിധിയായി പ്രവേശ് ശുക്ലയെ ബിജെപിയുടെ നിയമിച്ച കത്തും പത്രക്കട്ടിങ് ഉല്‍പ്പെടെയുള്ള തെളിവുകളും മധ്യപ്രദേശ് മുന്‍ മന്ത്രിയു കോണ്‍ഗ്രസ് നേതാവുമായ അരുണ്‍ യാദവ് ട്വീറ്റ് ചെയ്തു. ശുക്ല ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മണ്ഡലം വൈസ് പ്രസിഡന്റാണെന്നും എംഎല്‍എ കേദാര്‍നാഥ് അദ്ദേഹത്തെ തന്റെ പ്രതിനിധിയാക്കിയിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം, മൂന്ന് മാസം മുമ്പ് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നതെന്നും റിപോര്‍ട്ടുകളുണ്ട്. കരൗണ്ടിയില്‍ നിന്നുള്ള ദസ്മത് റാവത്ത് എന്ന 36കാരനാണ് പ്രവേശ് ശുക്ലയുടെ ക്രൂരതക്കിരയായത്. എന്നാല്‍, പോലിസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ വിഡിയോ വ്യാജമാണെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. വീഡിയോ വ്യാജമാണെന്നും ശുക്ലയെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും കാണിച്ച് റാവത്ത് സത്യവാങ്മൂലം തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും ഭീഷണിപ്പെടുത്തി മറ്റാരോ തയ്യാറാക്കിയതാണെന്നും ആര്‍ക്കും സമര്‍പ്പിച്ചിട്ടില്ലെന്നും പറയപ്പെടുന്നുണ്ട്.