ഓയോ സ്ഥാപകനെതിരേ തട്ടിപ്പിന് കേസ്; ആരോപണം നിഷേധിച്ച് കമ്പനി
ഒഎച്ച്എച്ച്പിഎല്‍ ഉന്നത മാനേജ്‌മെന്റ് താനുമായുള്ള കരാറില്‍ നിന്ന് നിയമവിരുദ്ധമായും ക്രിമിനല്‍ ഉദ്ദേശ്യത്തോടെയും പിന്മാറിയെന്ന് കാട്ടി ചണ്ഡിഗഡിലെ വ്യവസായി വികാസ് ഗുപ്ത നല്‍കിയ പരാതിയിലാണ് ദേര ബസ്സി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ന്യൂഡല്‍ഹി: ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഒഎച്ച്എച്ച്പിഎല്‍) സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാള്‍, ഒഎച്ച്എച്ച്പിഎല്ലിന്റെ ബ്രാന്റായ വെഡ്ഡിങ്‌സ്. ഇന്‍ സിഇഒ സന്ദീപ് ലോധ എന്നിവര്‍ക്കെതിരേ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും കേസെടുത്ത പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍, ആരോപണം കമ്പനി വക്താവ് നിഷേധിച്ചു. ഒഎച്ച്എച്ച്പിഎല്‍ ഉന്നത മാനേജ്‌മെന്റ് താനുമായുള്ള കരാറില്‍ നിന്ന് നിയമവിരുദ്ധമായും ക്രിമിനല്‍ ഉദ്ദേശ്യത്തോടെയും പിന്മാറിയെന്ന് കാട്ടി ചണ്ഡിഗഡിലെ വ്യവസായി വികാസ് ഗുപ്ത നല്‍കിയ പരാതിയിലാണ് ദേര ബസ്സി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വികാസ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കാസ വില്ലാസ് റിസോര്‍ട്ട്, ഓയോയുടെ കീഴിലുള്ള വെഡ്ഡിംഗ് വിഭാഗത്തിന് വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ഇവര്‍ വിട്ടു നല്‍കിയിരുന്നു. അതിന്റെ കൃത്യമായ കരാര്‍ 2019ല്‍ ഒപ്പിട്ടു. ഓയോയുടെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം സാന്നിധ്യത്തിലായിരുന്നു കരാര്‍. കൊവിഡ് വരുന്നതുവരെ കാര്യങ്ങള്‍ നന്നായി നടന്നുവെങ്കിലും. കൊവിഡ് പ്രതിസന്ധിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് വിലക്ക് വന്നതോടെ നഷ്ടം ഭയന്ന ഓയോ, ഒരു നോട്ടീസ് അയച്ച് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിച്ചുവെന്നാണ് ആരോപണം. കരാറിലെ ചില കാര്യങ്ങള്‍ വളച്ചോടിച്ചാണ് ഇവര്‍ കരാറില്‍ നിന്നും പിന്‍മാറിയത് എന്നും വികാസ് ആരോപിക്കുന്നു.
ഇതിന് വേണ്ടി ഓയോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്ക് ഈ കാരാര്‍ റദ്ദാക്കിയതിലൂടെ നഷ്ടമായ 5 കോടി ലഭിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഓയോ, ഈ കേസ് വസ്തുതയില്ലാത്തതും മാനഹാനി ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രതികരിച്ചു. തെറ്റായ എഫ്‌ഐആര്‍ ആണ് ഓയോയ്‌ക്കെതിരെ ഇട്ടിരിക്കുന്നത് എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കോടതിയെ വിശ്വാസമുണ്ടെന്നും നിയമപരമായി മുന്നോട്ട് പോവുമെന്നും ഓയോ അറിയിച്ചു.