പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാവും; പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്കയിലേക്ക്
ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സണാക്കും.
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും സിപിഎം.സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സണാക്കും.
കെ കെ ലതികയെ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണാക്കും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ ആയിരുന്ന കെ വരദരാജനെ കെഎസ്എഫ്ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പുതിയ പ്രസിഡന്റ് എത്തും. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സിപിഎം തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തേ നല്‍കിയിരുന്നു.
സിപിഎം സംസഥാന സമ്മേളന ശേഷം പാര്‍ട്ടി സെക്രട്ടേറിയറ്റിലും മാറ്റങ്ങളുണ്ടാകും. കൂടുതല്‍ നേതാക്കളെ തലസ്ഥാനത്ത് കേന്ദ്രീകരിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാകും പ്രധാന പദവികളിലേക്കുള്ള നിയമനങ്ങള്‍. ഘടകക്ഷികള്‍ക്ക് നല്‍കിയ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പേരുകള്‍ നല്‍കണമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിന് ശേഷം സിപിഎം നിര്‍ദേശിച്ചിരുന്നു. കത്തും കൈമാറി. 17 പദവികളാണ് സിപിഐക്കുള്ളത്. 6 ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് കേരളാ കോണ്‍ഗ്രസ് എമ്മിനുള്ളത്. എല്‍ജെഡിക്കും, എന്‍സിപിക്കും ജനാധിപത്യം കേരള കോണ്‍ഗ്രസിനും ജെഡിഎസിനും 2 വീതം പദവികളാണ് ഇപ്പോള്‍ ഇടത് മുന്നണി തീരുമാനിച്ചിട്ടുള്ളത്.