സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി കുഞ്ഞാലിക്കുട്ടി

Update: 2023-11-08 06:17 GMT

കണ്ണൂര്‍: ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചപ്പോള്‍ പിന്‍മാറിയതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെത്തുന്നു. സിപിഎം അനൂകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം വി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. സിപിഎം നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയിലെ നോട്ടീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും വന്നത് ചര്‍ച്ചയായിട്ടുണ്ട്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക.

    സഹകരണ മന്ത്രി വി എന്‍ വാസവനാണ് എംവിആര്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടി മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. മറ്റു യുഡിഎഫ് നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല. സിപിഎം നേതാക്കളായ പാട്യം രാജന്‍, എം വി ജയരാജന്‍, എം കെ കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയെ ക്ഷണിച്ചിട്ടുണ്ട്. ഇന്നാല്‍, ഇദ്ദേഹത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ കാര്യമായ പദവികളൊന്നുമില്ല. ഏറെക്കാലം സിപിഎമ്മിന്റെ ശക്തനായ നേതാവായിരുന്ന എം വി രാഘവന്‍ ലീഗുമായുള്ള ബദല്‍രേഖയുടെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നു പുറത്തായത്. പിന്നീട് സിഎംപി രൂപീകരിച്ചപ്പോള്‍ യുഡിഎഫാണ് അഭയം നല്‍കിയത്. സംഘര്‍ഷഭരിതമായ രാഷ്ട്രീയസാഹചര്യങ്ങളില്‍ സിഎംപി യുഡിഎഫിനൊപ്പം അടിയുറച്ചുനിന്നു. എന്നാല്‍, എംവി രാഘവന്റെ അവസാനകാലങ്ങളില്‍ പിളരുകയും ഒരുവിഭാഗം സിപിഎമ്മിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. എംവിആര്‍ മരണപ്പെട്ടപ്പോഴും ഈ 'പിടിവലി' ദൃശ്യമായിരുന്നു. സിഎംപിക്ക് കണ്ണൂരില്‍ നല്‍കിയിരുന്ന ഏക സീറ്റായ അഴീക്കോട് ലീഗിനു നല്‍കുകയും രണ്ടുതവണ വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ അഴീക്കോട് സിപിഎം തന്നെ തിരിച്ചുപിടിച്ചു.

    എം വി രാഘവനുമായി കുഞ്ഞാലിക്കുട്ടിക്കുള്ള അടുപ്പം കാരണമാണ് ക്ഷണിച്ചതെന്നാണ് സംഘാടകരുടെ മറുപടി. എന്നാല്‍ ഏറ്റവും അടുപ്പമുള്ളതും കണ്ണൂരില്‍ തന്നെയുമുള്ള കെ സുധാകരനെ ക്ഷണിക്കാതെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് സിപിഎം 11ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് ചര്‍ച്ചയായിരിക്കെയാണ് എന്നതും കൂട്ടിവായിക്കേണ്ടതാണ്. ലീഗിനെ ഇനിയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും കഴിയാവുന്ന വിഷയങ്ങളിലെല്ലാം സഹകരിക്കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലീഗ് സിപിഎമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കണ്ണൂരില്‍ തന്നെ ഒരു പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നത് ലീഗിലും വലിയ ചര്‍ച്ചയാവുമെന്നുറപ്പാണ്. മാസങ്ങള്‍ക്കു മുമ്പ് ലീഗ് നേതാക്കളുടെ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ചത് വലിയ ചര്‍ച്ചയാവുകയും അന്നത്തെ രണ്ട് ജില്ലാ സെക്രട്ടറിമാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഇതിലൊരാള്‍ തന്നെ ജില്ലയുടെ പ്രധാനസ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

Tags:    

Similar News