പ്രതിപക്ഷ ആക്റ്റീവിസ്റ്റ് നിസാര്‍ ബനാത്തിനെ ഫലസ്തീന്‍ അതോറിറ്റി 'കൊലപ്പെടുത്തി'
അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നതായും അതുപ്രകാരം സുരക്ഷാ സേന അറസ്റ്റുചെയ്യുന്നതിനിടെ ബനാത്ത് മരിക്കുകയായിരുന്നുവെന്നും ഹെബ്രോണ്‍ ഫലസ്തീന്‍ അതോറിറ്റി ഗവര്‍ണര്‍ ജിബ്രീന്‍ അല്‍ ബക്രി പറഞ്ഞു.
റാമല്ല: വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട നഗരമായ ഹെബ്രോനില്‍ ഫലസ്തീന്‍ അതോറിറ്റി (പിഎ)ക്ക് കീഴിലുള്ള സുരക്ഷാ സൈന്യം ഫലസ്തീനിലെ പ്രമുഖ പ്രതിപക്ഷ ആക്റ്റീവിസ്റ്റും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കടുത്ത വിമര്‍ശകനുമായ നിസാര്‍ ബനാത്തിനെ (43) കൊലപ്പെടുത്തിയതായി ആരോപണം.
അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നതായും അതുപ്രകാരം സുരക്ഷാ സേന അറസ്റ്റുചെയ്യുന്നതിനിടെ ബനാത്ത് മരിക്കുകയായിരുന്നുവെന്നും ഹെബ്രോണ്‍ ഫലസ്തീന്‍ അതോറിറ്റി ഗവര്‍ണര്‍ ജിബ്രീന്‍ അല്‍ ബക്രി പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബക്രി അവകാശപ്പെട്ടു.
എന്നാല്‍, ഇന്നലെ പുലര്‍ച്ചെ ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ സൈന്യം വീട് റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബനാത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
പുലര്‍ച്ചെ മൂന്നരയോടെ സുരക്ഷാ സേന വീട്ടില്‍ റെയ്ഡ് നടത്തി. 'നിസാര്‍ ബനാത്തിനെ തലയില്‍ ബാറ്റണ്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു, അറസ്റ്റുചെയ്യുമ്പോള്‍ ജീവനുണ്ടായിരുന്നു.'-കുടുംബം വ്യക്തമാക്കി. അദ്ദേഹത്തിനായി എല്ലാ ആശുപത്രികളിലും തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് അറബി 21.കോം റിപോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ അതോറിറ്റി (പിഎ) സേന കസ്റ്റഡിയിലെടുത്തതിനു തൊട്ടുപിന്നാലെയുണ്ടായ നിസാര്‍ ബനാത്തിന്റെ മരണം അധിനിവേശ വെസ്റ്റ് ബാങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഫലസ്തീന്‍ അതോറിറ്റിയുടെ അഴിമതികളുടെ നിശിത വിമര്‍ശകനായിരുന്ന ബനാത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം വാദിക്കുകയും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ സൈന്യവുമായുള്ള സുരക്ഷാ സഹകരണത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ആദ്യത്തില്‍ നടക്കേണ്ടിയിരുന്ന ഫലസ്തീന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫീഡം ആന്റ് ഡിഗ്നിറ്റി ലിസ്റ്റിലെ സ്ഥാനാര്‍ഥിയായിരുന്നു ബനാത്ത്.