'യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം'; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

കശ്മീര്‍പ്രശ്‌നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

Update: 2022-08-20 17:37 GMT

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താത്പര്യം തുറന്ന് പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. കശ്മീര്‍പ്രശ്‌നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

മേഖലയിലെ സമാധാനം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും ഷരീഫ് കൂട്ടിച്ചേര്‍ത്തു. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.

മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. യുദ്ധമല്ല ചര്‍ച്ചയാണ് രണ്ട് രാജ്യങ്ങളുടേയും പ്രശ്‌നപരിഹാരത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗതമായി പാകിസ്താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി സംസാരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്‌നങ്ങളും ഒപ്പം ദശകങ്ങളായി രാഷ്ട്രീയ അസ്ഥിരതകളുമാണെന്നും ഷരീഫ് പറഞ്ഞു.

പാകിസ്താന്‍ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജീവിതാവസ്ഥ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ ഇസ്‌ലാമാബാദും ന്യൂഡല്‍ഹിയും മത്സരം ഉണ്ടാകണമെന്ന് ആശയവിനിമയത്തിനിടെ ശരീഫ് ചൂണ്ടിക്കാട്ടി.

പാകിസ്താന്‍ ആക്രമണകാരിയല്ല, എന്നാല്‍ ആണവസ്വത്തുക്കളും പരിശീലനം ലഭിച്ച സൈന്യവും പ്രതിരോധത്തിനാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കാനാണ് സൈന്യത്തെ ഉപയോഗിക്കുന്നതെന്നും ആക്രമണത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News