തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍, പാകിസ്താനില്‍നിന്ന് വന്നവരല്ല: കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്‍

'ഞങ്ങള്‍ ബഹുമാനത്തോടെയാണ് ജീവിക്കുന്നത്, ഭാവിയിലും തങ്ങള്‍ അന്തസ്സോടെ ജീവിക്കും. തങ്ങള്‍ പാകിസ്താനില്‍നിന്നല്ല വന്നത്'-അദ്ദേഹം ആവര്‍ത്തിച്ചു.

Update: 2022-04-11 15:20 GMT

ബെംഗളൂരു: തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളാണെന്നും പാകിസ്താനില്‍ നിന്ന് വന്നവരല്ലെന്നും സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ബി സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

'തങ്ങള്‍ പാകിസ്താനില്‍ നിന്നുള്ള മുസ്‌ലിംകളല്ല, സമാധാനവും സഹവര്‍ത്തിത്വവുമാണ് തങ്ങളുടെ പ്രഥമ പരിഗണന. തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളാണ്'- അദ്ദേഹം പറഞ്ഞു.

തന്റെ മണ്ഡലത്തിലെ യുവാവിന്റെ കൊലപാതകം വര്‍ഗീയവല്‍ക്കരിച്ചതിന് ഭരണകക്ഷിയായ ബിജെപിയെ ഖാന്‍ കുറ്റപ്പെടുത്തി.

'ഞങ്ങള്‍ ബഹുമാനത്തോടെയാണ് ജീവിക്കുന്നത്, ഭാവിയിലും തങ്ങള്‍ അന്തസ്സോടെ ജീവിക്കും. തങ്ങള്‍ പാകിസ്താനില്‍നിന്നല്ല വന്നത്'-അദ്ദേഹം ആവര്‍ത്തിച്ചു.

ഭരണത്തിലുള്ള ബിജെപി മരണത്തില്‍ നിന്നും രാഷ്ട്രീയം നടത്തുകയാണെന്ന് സംസ്ഥാനത്തെ പ്രമുഖ മുസ്‌ലിം നേതാക്കളില്‍ ഒരാളായ ഖാന്‍ ആരോപിച്ചു.

'ഇത് തെറ്റാണ്. താന്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്റെ മണ്ഡലം ചില വര്‍ഗീയ സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിന്നീട് ഏറെ നാളായി വര്‍ഗീയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടാക്കാനും ചന്ദ്രുവിനെ കൊലപ്പെടുത്തിയ കേസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കാനും ബിജെപി പദ്ധതിയിടുകയാണെന്നും' അദ്ദേഹം ആരോപിച്ചു.

റോഡ് ഉപരോധ സമരത്തിനു പിന്നാലെ ചന്ദ്രു എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. യുവാവ് ഉര്‍ദു സംസാരിക്കാത്തതിനാലാണ് കൊലപാതകം നടന്നതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവകാശപ്പെട്ടിരുന്നു. പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രി പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

'അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയെ ഞാന്‍ അനുവദിക്കില്ല. ബംഗളൂരു പോലീസ് കമ്മീഷണറാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ഇപ്പോഴും വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News