ലോകകപ്പ് ഫുട്‌ബോള്‍: സുരക്ഷയൊരുക്കാന്‍ പാക് സൈന്യം ഖത്തറിലേക്ക് പുറപ്പെട്ടു
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട സുരക്ഷാ സംഘത്തില്‍ സൈനിക ഉദ്യോഗസ്ഥരും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരും മറ്റ് പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് റേഡിയോ പാകിസ്താന്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഇസ്‌ലാമാബാദ്: അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാകിസ്താന്‍ സൈനിക സംഘം ഇന്നലെ ഖത്തറിലേക്ക് പുറപ്പെട്ടു. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട സുരക്ഷാ സംഘത്തില്‍ സൈനിക ഉദ്യോഗസ്ഥരും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരും മറ്റ് പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് റേഡിയോ പാകിസ്താന്‍ റിപോര്‍ട്ട് ചെയ്യുന്നു.
ടൂര്‍ണമെന്റിനായി 2.1 ദശലക്ഷം സന്ദര്‍ശകരുടെ വരവ് പ്രതീക്ഷിക്കുന്ന ഖത്തര്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സൈനികരെ അയക്കുന്നതിനുള്ള കരട് കരാറിന് ഓഗസ്റ്റില്‍ ഫെഡറല്‍ കാബിനറ്റ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് ഈ നീക്കം.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തറി നിക്ഷേപവും സാമ്പത്തിക പിന്തുണയും തേടി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹ സന്ദര്‍ശിച്ച അതേ മാസം തന്നെയാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ഫിഫയുടെ എട്ടംഗ പരിശീലന ടീം പാകിസ്താനിലെത്തി സൈനികര്‍ക്ക് സുരക്ഷയെക്കുറിച്ചുള്ള പരിശീലനം നല്‍കിയിരുന്നു.
ആതിഥേയരാജ്യത്തിന് സൈനികരെയും പരിശീലനവും നല്‍കുന്നതിന് ഖത്തറുമായി യു.എസ്, ബ്രിട്ടന്‍, മൊറോക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ലോകകപ്പിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഖത്തറില്‍ സൈനികരെ ആറ് മാസത്തേക്ക് വിന്യസിക്കുന്നതിനുള്ള പ്രമേയം കഴിഞ്ഞ ആഴ്ച തുര്‍ക്കി പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു.
തുര്‍ക്കിയും ഖത്തറും തമ്മില്‍ ഒപ്പുവച്ച പ്രോട്ടോക്കോള്‍ അനുസരിച്ച്, നവംബര്‍ 21 നും ഡിസംബര്‍ 18 നും ഇടയില്‍ നടക്കുന്ന ലോകകപ്പിനായി ആങ്കറ കലാപം അടിച്ചമര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച 3,000 ലധികം സൈനികരേയും ബോംബ് വിദഗ്ധരെയും സ്‌നിഫര്‍ നായ്ക്കളെയും അയയ്ക്കും.