ഹോട്ടലില്‍ നിന്ന് കാര്‍ പുറത്ത് പോയത് അന്വേഷിക്കണമെന്ന് സിപിഎം; സ്ത്രീത്വത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്
ഹോട്ടലില്‍നിന്ന് ഒരു കാര്‍ സംശയാസ്പദമായി പുറത്തേക്ക് പോയിട്ടണ്ടെന്നാണ് പറയപ്പെടുന്നത്.
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വലിയ തോതില്‍ കള്ളപ്പണം കൊണ്ടുവന്നെന്നും പ്രശ്‌നമായപ്പോള്‍ തിരികെ കൊണ്ടുപോയെന്നും എ എ റഹീം എംപി ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം ആരോപിച്ചു.
ഹോട്ടലില്‍നിന്ന് ഒരു കാര്‍ സംശയാസ്പദമായി പുറത്തേക്ക് പോയിട്ടണ്ടെന്നാണ് പറയപ്പെടുന്നത്. ആ കാര്‍ എങ്ങോട്ടാണ് പോയത്. ആ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലെ പരിശോധന സാധാരണ നടപടിയാണെന്ന് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞു. മുറിയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ആരോപിച്ചു. രാവിലെ 11ന് എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
വളരെ മോശമായ കാര്യമാണു പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു ഷാനിമോള്‍ ഉസ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ''മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ട്. സ്ത്രീയെന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത്. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലില്‍ മുട്ടിയത്. അതു കഴിഞ്ഞ് വാതിലില്‍ തള്ളി. മുറിയുടെ ബെല്ലടിച്ചശേഷം മുറി തുറക്കണം എന്നാവശ്യപ്പെട്ടു. നാലു പുരുഷ പൊലീസുകാര്‍ യൂണിഫോമില്‍ ഉണ്ടായിരുന്നു. വസ്ത്രം മാറിയശേഷം ഞാന്‍ പുറത്തുവന്നു. യൂണിഫോം ഇല്ലാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. അവര്‍ കാര്‍ഡ് കാണിച്ചില്ല. വനിതാ പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങള്‍ അടക്കം മുഴുവന്‍ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. '' ഷാനിമോള്‍ പറഞ്ഞു.
സ്ത്രീകളെന്ന രീതിയില്‍ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ പറഞ്ഞു. ''ഉറങ്ങി കിടന്നപ്പോള്‍ മുറിക്ക് പുറത്ത് പുരുഷന്‍മാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭര്‍ത്താവുമാണു മുറിയിലുണ്ടായിരുന്നത്. പൊലീസ് മുറിയിലേക്ക് ഇരച്ചു കയറി. നാല് പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവന്‍ വലിച്ച് പുറത്തിട്ടു. ''-ബിന്ദു കൃഷ്ണ പ്രതികരിച്ചു.