പാലത്തായി ബാലികാപീഡനം; പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലിസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്.
കൊച്ചി: പാലത്തായി ബാലികാപീഡന കേസിലെ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയെ കേൾക്കാതെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു.
ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ഈ സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും ഹരജിയിൽ മാതാവ് ആവശ്യപ്പെടും. പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയതിനാൽ തലശ്ശേരി പോക്സോ കോടതിയ്ക്ക് പ്രതിയുടെ ജാമ്യ ഹരജി പരിഗണിക്കാൻ കഴിയില്ലെന്നും ഹരജിക്കാരി ചൂണ്ടികാട്ടുന്നു.
കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലിസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് കേരള സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരേ ഉയർന്നത്. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ വിദ്യാർഥിനിയെ പീഠിപ്പിക്കാൻ മറ്റൊരാൾക്ക് കൂടി അവസരം ചെയ്തുകൊടുത്തതിന് പരാതിയുണ്ടായിട്ടും അന്വേഷിക്കാൻ പോലിസ് തയാറായിട്ടില്ല.