പാലത്തായി ബാലികാ പീഡനക്കേസ്: സിബിഐ അന്വേഷണം വേണമെന്ന് പ്രതി പത്മരാജന്‍ ; വിശദീകരണം തേടി ഹൈക്കോടതി
ഹരജിയില്‍ ഹൈക്കോടതി സിബി ഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടി.കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി
കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയും ബിജെപി നേതാവുമായ പത്മരാജന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.ഹരജിയില്‍ ഹൈക്കോടതി സിബി ഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടി.കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.2020 ജനുവരിയിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ ഒമ്പതു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി ഉയര്‍ന്നത്.ആദ്യം പാനൂര്‍ പോലിസാണ് അന്വേഷിച്ചത്.പ്രതിയെ പിടികൂടാന്‍ വൈകുന്നതിനെതിരെ പോലിസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ അറസ്റ്റു ചെയ്തു.എന്നാല്‍ ബിജെപി നേതാവായ പത്മരാജനെ സംരക്ഷിച്ച് കേസ് അട്ടിമറിക്കാനുള്ള പാനൂര്‍ പോലിസിന്റെ ശ്രമങ്ങള്‍ വിവാദമാകുകയും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിച്ചുവെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നുമായിരുന്നു കോടതിയെ അറിയിച്ചത്.ഇരയായ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശവും പുറത്തു വരികയും പ്രതിക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാമത്തെ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു.ഐ ജി ഇ ജെ ജയരജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ വിശദവും ശാസ്ത്രീയവുമായ അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സില്‍ രക്തക്കറ കണ്ടെത്തുകയും പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കയൊണ് സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.