യുഎഇ-ഇസ്രായേല്‍ കരാര്‍ തള്ളിക്കളയണമെന്ന് അറബ് രാജ്യങ്ങളോട് ഫലസ്തീന്‍

'എമിറാത്തി നോര്‍മലൈസേഷന്‍ കരാര്‍ തങ്ങള്‍ തള്ളിക്കളയുന്നു, നിങ്ങള്‍ക്കും ഇതേ നിലപാട് ഉണ്ടായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു' - സൗദിയിലെ ജിദ്ദയില്‍നടന്ന വിദേശകാര്യ മന്ത്രിമാര്‍ക്കായുള്ള അറബ് ലീഗ് ഉച്ചകോടിയില്‍ അല്‍ മാലികി പറഞ്ഞു.

Update: 2020-09-10 11:05 GMT

ജിദ്ദ: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കികൊണ്ടുള്ള യുഎഇയുടെ കരാര്‍ തള്ളിക്കളയാന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി. 'എമിറാത്തി നോര്‍മലൈസേഷന്‍ കരാര്‍ തങ്ങള്‍ തള്ളിക്കളയുന്നു, നിങ്ങള്‍ക്കും ഇതേ നിലപാട് ഉണ്ടായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു' - സൗദിയിലെ ജിദ്ദയില്‍നടന്ന വിദേശകാര്യ മന്ത്രിമാര്‍ക്കായുള്ള അറബ് ലീഗ് ഉച്ചകോടിയില്‍ അല്‍ മാലികി പറഞ്ഞു. അധിനിവേശത്തെ പോലെ തന്നെ അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തികളും തങ്ങള്‍ക്ക് ഹിതകരമല്ലെന്ന് അല്‍ മാലികി കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാന ധാരണയില്‍ ഒപ്പിട്ടതായി ആഗസ്ത് 13നാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.കരാറിനെ അറബ് നിലപാടിനെ മോശമായി ബാധിച്ച ഭൂകമ്പമെന്നാണ് അല്‍ മാലികി വിശേഷിപ്പിച്ചത്. അമേരിക്കന്‍ -ഇസ്രായേലി -എമിറാത്തി ത്രിരാഷ്ട്ര പ്രഖ്യാപനം ഭൂകമ്പമായിരുന്നു. പ്രഖ്യാപനത്തില്‍ പ്രതിഫലിച്ച പിന്‍മാറ്റത്തെ എതിര്‍ക്കുന്നതിന് പകരം അറബികള്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോര്‍മലൈസേഷന്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പലസ്തീന്‍ അടിയന്തര യോഗം ചേരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഒരു അറബ് രാഷ്ട്രം വിസമ്മതിച്ചതായും മാലികി വ്യക്തമാക്കി. തങ്ങളെ അവര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അല്‍മാലികി പേരെടുത്ത് പറയാതെയാണ് വിമര്‍ശിച്ചതെങ്കിലും കരാര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടിയന്തര യോഗം ചേരുന്നതില്‍ ബഹ്‌റൈന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു.

നോര്‍മലൈസേഷന്‍ കരാറിനെ പിന്തുണയ്ക്കണമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ സമ്മര്‍ദ്ധം അതിജീവിച്ച അറബ് രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഫലസ്തീനിനോടുള്ള പ്രതിജ്ഞാബദ്ധത പാലിക്കാത്തതിന് അറബ് രാജ്യങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. 1967ല്‍ കൈവശപ്പെടുത്തിയ ഭൂമിയില്‍ നിന്ന് പിന്മാറിയാല്‍ മാത്രം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൂവെന്ന 2002ലെ അറബ് പീസ് ഇനീഷ്യേറ്റീവില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Tags:    

Similar News