ഫലസ്തീന്‍: ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മയുമായി സിപിഎം

Update: 2023-10-13 13:37 GMT

തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന തുടര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് 'ഫലസ്തീന്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പാക്കുക' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 20 വരെ ഏരിയാകേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേഖലയില്‍ തുടര്‍ച്ചയായി ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലുകള്‍ ഒരു ഫലസ്തീന്‍കാരനേയോ ഫലസ്തീന്‍കാരിയെയോ ദിവസേന കൊല്ലുന്നുണ്ടായിരുന്നുണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം ഇരുന്നൂറിധികം ആളുകളെയാണ് 2023ല്‍ കൊന്നത്. 2008 മുതലിങ്ങോട്ടുള്ള കണക്കില്‍ 6407 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 208 ഇസ്രായേലുകാര്‍ മരണപ്പെട്ടു. അതിനാല്‍ ഗസയുടെ നിലവിലെ ചിത്രം ദയനീയമാണ്. ഫലസ്തീന്‍ ഭൂമിയില്‍ ജൂതവിഭാഗക്കാരുടെ നിയമവിരുദ്ധ കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. 60-40 ആയി വിഭജിച്ച ഭൂമിയില്‍ 13 ശതമാനം മാത്രമാണ് ഇപ്പോള്‍ ഫലസ്തീനികളുടെ കൈയിലുള്ളത്. ഇസ്രായേല്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയിലാണ് ഇത് നടക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഹമാസിന്റെ ആക്രമണവും. രണ്ട് ആക്രമണത്തിലും മനുഷ്യക്കുരുതിയാണ് നടന്നത്. ഇത്തരം കുരുതികള്‍ അവസാനിപ്പിക്കണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വലിയ വിഭാഗമാണ് പ്രയാസപ്പെടുന്നത്. ഹമാസ് ഇപ്പോള്‍ നടത്തിയ വിധത്തിലുള്ള ആക്രമണം ഇത്തരം പ്രശ്‌നത്തിന് പരിഹാരമാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. യുദ്ധം ഒന്നിനും പരിഹാരമല്ല. മധ്യേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തണം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഫലസ്തീന് അര്‍ഹതപ്പെട്ട രാജ്യം നല്‍കുന്നതിന് ലോകമനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളുടേയും കൂട്ടായ്മയിലൂടെ സാധിക്കേണ്ടതുണ്ട്. അതിനുതകുന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കഴിയണം. യുഎന്‍ മുന്‍കൈയെടുത്ത് ഇക്കാര്യം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News