ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഫലസ്തീന്‍ വംശജനായ ആറുവയസ്സുകാരനെ 71കാന്‍ കുത്തിക്കൊന്നു. വാദിയ അല്‍ ഫലൂം എന്ന ഫലസ്തീന്‍ വംശജനായ മുസ് ലിം ബാലനാണ് കൊല്ലപ്പെട്ടത്. തീവ്ര വംശീദവാദിയും ഇസ്രായേല്‍ ഇനുകൂലിയുമായ ജോസഫ് എം സുബയാണ് കൊലപാതകം നടത്തിയത്. മാതാവിന്റെ മുന്നിലിട്ട് 26 തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്നും വിദ്വേഷക്കൊലയാണിതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൈന്യം ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. പരിക്കേറ്റ 32കാരിയായ മാതാവ് ഹനാന്‍ ഷാഹില്‍ ആശുപത്രിയിലാണ്. പശ്ചിമേഷ്യയിലെ ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തോടുള്ള പ്രതികരണമാണ് കൊലപാതകമെന്നാണ് റിപോര്‍ട്ടുകള്‍. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിക്കാഗോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള വീട്ടിലാണ് ദാരുണ സംഭവം. കൊലയാളി രണ്ട് വര്‍ഷമായി ഇവരുടെ വീടിനു താഴത്തെ നിലയിലാണ് താമസം. ഗുരുതരമായി പരിക്കേറ്റ ബാലന്‍ ആശുപത്രിയിലാണ് മരണപ്പെട്ടത്. കുട്ടിക്ക് 26 തവണ കുത്തേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും പറയുന്നുണ്ട്. മാതാവിന്റെ ശരീരത്തില്‍ പത്തിലേറെ കുത്തുകളേറ്റിട്ടുണ്ട്. അക്രമിയെ വസതിക്ക് സമീപത്ത് നിന്ന് നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊലപാതകം, കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, മാരകായുധം ഉപയോഗിച്ചുള്ള അക്രമണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.