ചെറു വിമാനം തകര്‍ന്നുവീണ് പാല്‍മാസ് ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റും നാലു കളിക്കാരും കൊല്ലപ്പെട്ടു
പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്‌സെഡസ്, ഗില്‍ഹെര്‍മി നോ, റാനുലെ, മാര്‍ക്കസ് മോളിനാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ബ്രസീലിയ: ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് ബ്രസീലിലെ നാലാം ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബായ പാല്‍മാസിന്റെ പ്രസിഡന്റും നാലു കളിക്കാരും കൊല്ലപ്പെട്ടു. പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്‌സെഡസ്, ഗില്‍ഹെര്‍മി നോ, റാനുലെ, മാര്‍ക്കസ് മോളിനാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിമാനത്തിന്റെ പൈലറ്റ് വാഗനറും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച ചെറു വിമാനം ടേക്ക് ഓഫിനിടെ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങുകയായിരുന്നു.
പാല്‍മാസ് നഗരത്തിനു സമീപത്തെ ചെറിയ വ്യോമതാവളമായ ടോക്കാന്റിനെന്‍സ് ഏവിയേഷന്‍ അസോസിയേഷനിലെ റണ്‍വേയുടെ അവസാന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. വിമാനം 800 കിലോമീറ്റര്‍ (500 മൈല്‍) അകലെയുള്ള ഗോയാനിയയിലേക്ക് പോവുകയായിരുന്നു. ഏത് തരത്തിലുള്ള വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.