പനമരം നെല്ലിയമ്പത്തെ ഇരട്ടകൊലപാതകം: ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Update: 2021-09-17 06:30 GMT

കല്‍പ്പറ്റ: വയനാട് പനമരം നെല്ലിയമ്പത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് പോലിസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയല്‍വാസിയാണ് നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുന്‍. ചോദ്യം ചെയ്യലിനിടെ എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അര്‍ജുന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈ മാസം പത്തിന് രാവിലെയാണ് മാനന്തവാടി ഡിവൈഎസ്പി ഓഫിസിലേക്ക് അര്‍ജുനെ പോലിസ് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ അര്‍ജുന്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തില്‍ ഒളിപ്പിച്ച എലി വിഷംഉപയോഗിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് പോലിസ് പറഞ്ഞത്. അര്‍ജുനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

കഴിഞ്ഞ ജൂണ്‍ 10ന് രാത്രിയാണ് റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും കുത്തേറ്റ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ മുന്നോറോളം പേരെയാണ് പോലിസ് ചോദ്യം ചെയ്തത്.

Tags:    

Similar News