പനമരം ഇരട്ടക്കൊലപാതകം: പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

വിശദമായ ചോദ്യം ചെയ്യലിനും, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമായി മാനന്തവാടി കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍ നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ഇന്ന് വൈകീട്ട് 3.30 മുതല്‍ 24ന് വൈകീട്ട് 3.30 വരെയാണ് പ്രതിയായ അര്‍ജ്ജുനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

Update: 2021-09-20 11:01 GMT
മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജുനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമായി മാനന്തവാടി കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്‍ നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ഇന്ന് വൈകീട്ട് 3.30 മുതല്‍ 24ന് വൈകീട്ട് 3.30 വരെയാണ് പ്രതിയായ അര്‍ജ്ജുനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

പനമരം താഴെ നെല്ലിയമ്പത്തെ വയോധിക ദമ്പതികളുടെ കൊലപാതകത്തില്‍ പ്രതി പിടിയിലാകുന്നത് സംഭവം നടന്ന് നൂറാം ദിനത്തിലാണ്.

ജൂണ്‍ ഒമ്പതിന് രാത്രി 8.30ഓടെയാണ് താഴെ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും അക്രമിയുടെ കുത്തേറ്റു മരിക്കുന്നത്. ഈ സംഭവത്തിലാണ് സമീപവാസിയായ കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുന്‍ (24) ഒടുവില്‍ പിടിയിലായത്. പ്ലസ് ടു പഠനം കഴിഞ്ഞ ഇയാള്‍ തമിഴ്‌നാട്ടിലെ ഈ റോഡ്, മധുര എന്നിവിടങ്ങളില്‍ ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്നു.

കൊവിഡിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി കാടുവെട്ട് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തു വരികയായിരുന്നു. കൊല്ലപ്പെട്ട വീടുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് മോഷണം നടത്താനായി ഈ വീട്ടില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിയെ വീട്ടുടമസ്ഥന്‍ കണ്ടതോടെ ആക്രമിച്ച് കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

മോഷണത്തിന്റെ ഒരുക്കത്തിനിടെ വയനാട്ടില്‍ നടന്ന മോഷണ കൊലപാതകങ്ങളെ കുറിച്ചും പോലിസിന്റെ അന്വേഷണ രീതികളെ കുറിച്ചും കൃത്യമായി പഠിച്ചിരുന്നു. ഹൊറര്‍ വിഡിയോ ദൃശ്യങ്ങള്‍ നിരന്തരം കാണുകയും കുറ്റകൃത്യത്തിന് മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതി മൊബൈലിലെ എല്ലാ ദൃശ്യങ്ങളും നശിപ്പിച്ചു. മൊഴിയില്‍ വൈരുധ്യം തോന്നിയതോടെ പോലിസ് ഇയാളുടെ മൊബൈല്‍ പരിശോധിക്കുകയും ശാസ്ത്രീയ പരിശോധനകളിലൂടെ മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. കൂടാതെ ഇടതു കൈ ഉപയോഗിക്കുന്ന ഒരാളാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയ പോലിസ്, ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കേസില്‍ പ്രതി പിടിയിലാകുന്നത്. സംഭവം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയില്ലെന്നായിരുന്നു നാട്ടുകാരുടെ അറിവ്. ഇതോടെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐയോ, െ്രെകം ബ്രാഞ്ചോ അന്വേഷണം ഏറ്റെടുക്കണമെന്നും പനമരം പൗരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിക്കാനും തീരുമാനിച്ചിരുന്നു. ടി സിദ്ദീഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും െ്രെകം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. ഇതിനിടെയാണ് പൊലീസിന് ആശ്വാസമായി പ്രതി പിടിയിലായത്.

Tags:    

Similar News