യുപി തദ്ദേശ തിരഞ്ഞെടുപ്പ്: വരാണസിയിലും അയോധ്യയിലും ബിജെപിക്ക് തിരിച്ചടി
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന നയങ്ങളുടെ കേന്ദ്രബിന്ദുവാണ് വാരണാസിയും അയോദ്ധ്യയും.
ലഖ്‌നൗ: ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ജില്ലകളിലും ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപിക്ക് ഏറെ നിര്‍ണായകമായ വരാണസി, അയോധ്യ എന്നിവിടങ്ങളില്‍ താമര പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതായി റിപോര്‍ട്ട്.വാരണാസിയിലെ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി 15 സീറ്റുകളില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് 8 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. ബിഎസ്പി അഞ്ച് സീറ്റുകളും അപ്‌നദള്‍ മൂന്ന് സീറ്റും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ഒരു സീറ്റും നേടി. മൂന്നു സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്ററി മണ്ഡലമാണ് വാരണാസി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വന്‍ വികസനമാണ് മണ്ഡലത്തില്‍ കൊണ്ടുവന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അയോധ്യയില്‍ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി 24 ഇടങ്ങളില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് ആറ് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ശേഷിക്കുന്ന 10 സീറ്റുകളില്‍ ബിഎസ്പി അഞ്ചും സ്വതന്ത്രര്‍ അഞ്ച് സീറ്റുകളും നേടി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന നയങ്ങളുടെ കേന്ദ്രബിന്ദുവാണ് വാരണാസിയും അയോദ്ധ്യയും. രണ്ട് നഗരങ്ങളും മത ടൂറിസത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ ആത്മപരിശോധന നടത്തുമെന്ന് പറഞ്ഞ് ഫലങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി വക്താക്കള്‍ വിസമ്മതിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പ്രതിഷേധവും വിമത സ്ഥാനാര്‍ത്ഥികളുടെ എണ്ണവും കാരണമാണ് ബിജെപി പിന്നാക്കം പോയതെന്ന് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.