എംആര്‍ഐ സ്‌കാന്‍ മെഷീനില്‍ പ്രവേശിപ്പിച്ചത് ജീവനക്കാര്‍ മറന്നു; രോഗി പുറത്തു കടന്നത് മെഷീന്‍ തകര്‍ത്ത്
പഞ്ചഗുള: എംആര്‍ഐ സ്‌കാന്‍ മെഷീനില്‍ പ്രവേശിപ്പിച്ച രോഗിയെ മെഷീനില്‍ നിന്നിറക്കാതെ പോയതിനെ തുടര്‍ന്ന് രോഗി മെഷീന്‍ തകര്‍ത്ത് പുറത്തിറങ്ങി. ഹരിയാനയിലെ പഞ്ചഗുളയിലാണ് സംഭവം. 59കാരനായ രാംഹര്‍ ലോഹനാണ് മെഷീന്‍ തകര്‍ത്ത് രക്ഷപ്പെടേണ്ടി വന്നത്.
ലോഹന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്നു ലോഹന്റെ തോളെല്ലുകള്‍ സ്ഥാനം തെറ്റിയിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ ഡോക്ടര്‍ എംആര്‍ഐ സ്‌കാനിങിനു നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കാനിങ്ങിനായി പ്രവേശിപ്പിച്ച ലോഹനോട് 15 മിനുറ്റുകള്‍ കൊണ്ട് സ്‌കാനിങ് പൂര്‍ത്തിയാക്കാമെന്നു ജീവനക്കാര്‍ പറയുകയായിരുന്നു. എന്നാല്‍ സ്‌കാനിങ് പൂര്‍ത്തിയായ ശേഷം ലോഹനെ മെഷീനില്‍ നിന്നു പുറത്തിറക്കാനോ, ബന്ധിച്ചിരിക്കുന്ന ബെല്‍റ്റ് അഴിക്കാനോ ജീവനക്കാര്‍ എത്തിയില്ല. ലോഹനെ മെഷീനില്‍ പ്രവേശിപ്പിച്ചത് മറന്ന ജീവനക്കാര്‍ സ്ഥലം വിട്ടതായിരുന്നു കാരണം. അരമണിക്കൂറോളം വാവിട്ടു കരഞ്ഞിട്ടും ആരും തന്നെ എത്താത്തതിനെ തുടര്‍ന്നു ലോഹന്‍ തന്നെ പരിക്കേറ്റ തോളുമായി മെഷീന്‍ തകര്‍ക്കുകയും പുറത്തു ചാടുകയുമായിരുന്നു. മെഷീന്‍ അമിതമായി ചൂടാവുകയും താന്‍ മരിക്കുമെന്നുറപ്പാവുകയും ചെയ്തതോടെയാണ് ഏതുവിധേനയും പുറത്തു കടക്കണമെന്നു നിശ്ചയിച്ചതെന്നും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടാനായതെന്നും ലോഹന്‍ പിന്നീട് പറഞ്ഞു. പോലിസിലും ആരോഗ്യമന്ത്രിക്കും അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ലോഹന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടതായും റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും സിവില്‍ സര്‍ജന്‍ ഡോ. യോഗേഷ് ശര്‍മ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സ്‌കാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ അമിത് ഖോകാര്‍ രംഗത്തെത്തി. 20 മിനുറ്റാണ് സ്‌കാനിങ്ങിന് നിര്‍ദേശിച്ചിരുന്നതെന്നും ഈ സമയത്തിനകം സ്‌കാനിങ് പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്നതിനാല്‍ ലോഹനെ മെഷീനില്‍ തന്നെ തുടരാന്‍ അനുവദിക്കുകയുമായിരുന്നു. എന്നാല്‍ തനിക്കു പുറത്തു കടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ജീവനക്കാര്‍ തന്നെയാണ് അദ്ദേഹത്തെ പുറത്തെത്തിച്ചതെന്നും ഖോകാര്‍ പറഞ്ഞു.
എന്നാല്‍ സ്‌കാനിങ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാവുമെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ലോഹന്‍ വ്യക്തമാക്കി.