പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്: ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പോലിസില്‍ പരാതി
കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എക്കെതിരേ പോലിസില്‍ പരാതി നല്‍കി. പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം എംഎല്‍എ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം അന്വേഷിക്കണമെന്നും മധുസൂദനനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. പയ്യന്നൂര്‍ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. എന്നാല്‍, സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്.
പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല, കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ടി ഐ മധുസൂദനന്‍ അടക്കമുള്ള അഞ്ചുപേര്‍ക്കെതിരേ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിക്കുശേഷമാണ് ജില്ലാ നേതൃത്വം സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന വാദവുമായി രംഗത്തുവന്നത്. അതേസമയം, ഫണ്ട് തിരിമറി ആരോപണങ്ങളില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ടി ഐ മധുസൂധനന്‍ എംഎല്‍എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
സ്ഥാനാര്‍ഥി എന്ന നിലയില്‍ മധുസൂദനന്‍ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാര്‍ട്ടിക്ക് യോജിച്ച രീതിയിലല്ലെന്നും ജാഗ്രത പുലര്‍ത്തിയില്ലെന്നുമാണ് വിമര്‍ശനം. ടി ഐ മധുസൂദനന് പുറമെ ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാധന്‍, കെ കെ ഗംഗാധരന്‍, ഓഫിസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയാ സെക്രട്ടറി കെ പി മധു തുടങ്ങിയവര്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഫണ്ട് തിരിമറിയെക്കുറിച്ച് പരാതി നല്‍കിയ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതിന്റെ പേരില്‍ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്.
അച്ചടക്ക നടപടിക്ക് പിന്നാലെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പി ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫിസ് കെട്ടിടനിര്‍മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തിയെന്നാണ് ഉയര്‍ന്ന ആരോപണം. ഒരു കോടിയിലേറെ രൂപ വ്യാജ രസീതുണ്ടാക്കി നേതാക്കള്‍ പണം തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയ പരാതി.