പെഹ്‌ലുഖാൻ വധം: പ്രതികളെ കുറ്റവിമുക്തരാക്കുന്നതിനെതിരേ രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയിൽ
കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആഗസ്ത് 14 ന് അൽവാറിലെ കോടതി പ്രതികളെ മുഴുവൻ വെറുതെ വിട്ടിരുന്നു.
ജയ്പൂർ: പെഹ്‌ലുഖാൻ വധക്കേസിലെ ആറ് പ്രതികളേയും കുറ്റവിമുക്തരാക്കിയതിനെതിരേ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിങ്കളാഴ്ചയാണ് രാജസ്ഥാൻ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയത്.
കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആഗസ്ത് 14 ന് അൽവാറിലെ കോടതി പ്രതികളെ മുഴുവൻ വെറുതെ വിട്ടിരുന്നു. വിപിൻ യാദവ്, രവീന്ദ്ര കുമാർ, കലുറാം, ദയാനന്ദ്, യോഗേഷ് കുമാർ, ഭീം രതി എന്നിവരെയായിരുന്നു കുറ്റവിമുക്തരാക്കിയിരുന്നത്. വിധി വന്നയുടനെ രാജസ്ഥാൻ സർക്കാർ ഉത്തരവിനെതിരേ അപ്പീൽ പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ അന്വേഷണം നടത്താനും മുമ്പത്തെ അന്വേഷണം പരിശോധിക്കാനും മുഖ്യമന്ത്രി മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.
ജയ്പൂർ-ഡൽഹി ദേശീയ പാതയിൽ ബെഹ്‌റോറിന് സമീപത്താണ് പെഹ്‌ലുഖാനെ ഹിന്ദുത്വർ കൊലപ്പെടുത്തിയത്. ക്ഷീര കർഷകനായ പെഹ്‌ലുഖാൻ ജയ്പൂരിലെ ഒരു കന്നുകാലി മേളയിൽ നിന്ന് പശുക്കളെ ഹരിയാനയിലെ നൂഹിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ഹിന്ദുത്വരുടെ ആക്രമണം.