പെഹ്‌ലുഖാന്‍ കേസിലെ കോടതി നടപടി ഞെട്ടിച്ചു: പ്രിയങ്ക ഗാന്ധി

കേസിലെ ആറു പ്രതികളെയും വെറുതെവിട്ടുള്ള കോടതി തീരുമാനം രാജ്യത്ത് മനുഷ്യത്വമില്ലായ്മക്ക് ഒരു സ്ഥാനവുമില്ലെന്ന് കാണിക്കുന്നതാണെന്ന് പ്രിയങ്ക തന്റെ ട്വീറ്റില്‍ കുറിച്ചു.

Update: 2019-08-16 10:06 GMT

ന്യൂഡല്‍ഹി: പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് ആള്‍വാറിലെ വിചാരണ കോടതിക്കെതിരേ പ്രിയങ്ക രംഗത്തുവന്നത്. കേസിലെ ആറു പ്രതികളെയും വെറുതെവിട്ടുള്ള കോടതി തീരുമാനം രാജ്യത്ത് മനുഷ്യത്വത്തിന് സ്ഥാനമില്ലെന്ന് കാണിക്കുന്നതാണെന്ന് പ്രിയങ്ക തന്റെ ട്വീറ്റില്‍ കുറിച്ചു. ആള്‍കൂട്ട ആക്രമണവും കൊലപാതകവും നീചകുറ്റകൃത്യമാണെന്നും പ്രിയങ്ക പറഞ്ഞു.

2017 ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പെഹ്‌ലുഖാന്‍ എന്ന 55 വയസുകാരനെ ക്രൂരമര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞ് ആഗസ്ത് 14നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ആക്രമണം നടത്തുന്ന വീഡിയോ അവ്യക്തമാണെന്നും അതുകൊണ്ടുതന്നെ അതൊരു തെളിവായി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വെറുതെവിട്ടത്.

Tags:    

Similar News