പിന്നോട്ടില്ലെന്ന് അമേരിക്ക; തായ്‌വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു

'ലോകം ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തായ്‌വാനിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന അമേരിക്കന്‍ നിലപാട് ദൃഢമായി തുടരുകയാണ്'

Update: 2022-08-03 14:24 GMT

തായ്പേയ്: തായ്‌വാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അമേരിക്കയിലേക്ക് മടങ്ങി. തായ്‌വാനോടുള്ള പ്രതിബദ്ധതയില്‍ നിന്ന് അമേരിക്ക പിന്നോട്ടില്ലെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ്- വെനുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു.

'ലോകം ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തായ്‌വാനിലും ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന അമേരിക്കന്‍ നിലപാട് ദൃഢമായി തുടരുകയാണ്'-എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ ബോധപൂര്‍വമായ സൈനിക ഭീഷണികള്‍ക്ക് മുന്നില്‍ തായ്‌വാന്‍ തോല്‍ക്കില്ലെന്ന് പ്രസിഡന്റ് സായി ഇങ്- വെന്‍ പറഞ്ഞു. തായ് ജനതയെ പിന്തുണയ്ക്കുന്നത് അമേരിക്കയ്ക്കും നാന്‍സിക്കും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തായ്‌വാന്‍ അതിര്‍ത്തിയില്‍ വന്‍തോതിലുള്ള സൈനിക വിന്യാസത്തിന് ഒരുങ്ങുകയാണ് ചൈന. ഇതിന്റെ ഭാഗമായി ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ പറന്നിരുന്നു. നാന്‍സിയുടെ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്നാണ് ചൈനയുടെ നിലപാട്. 1995ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക അഭ്യാസത്തിനുള്ള നീക്കത്തിലാണ് ചൈന.

ചൊവ്വാഴ്ച രാത്രിയാണ് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സൈനിക അഭ്യാസത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ലൈവ് ഫയര്‍ ഡ്രില്‍ നടത്തുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. തായ്‌വാന്‍ മേഖലയിലെ ആറ് പ്രദേശങ്ങളില്‍ സൈനിക അഭ്യാസം നടത്തുമെന്നാണ് ഭൂപടം ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് ചൈനീസ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ സൈനിക അഭ്യാസം നടത്തുന്ന മൂന്ന് പ്രദേശങ്ങള്‍ തായ്‌വാന്‍ തീരത്ത് നിന്ന് വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരത്താണ്.

നാന്‍സി തായ്‌പേയില്‍ എത്തിയതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി ചൈനീസ് യുദ്ധ വിമാനം തായ്‌വാന്‍ അതിര്‍ത്തിയില്‍ പറന്നിരുന്നു. ബെയ്ജിങ്ങിലുള്ള അമേരിക്കന്‍ അംബാസഡര്‍ നിക്കോളാസ് ബണ്‍സിനെ ചൈനീസ് വിദേശകാര്യ സഹമന്ത്രി ഷി ഫെങ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബുധാനാഴ്ച സൈനിക അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ എവിടെയാണ് ഇത് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. തായ്‌വാന് എതിരേ ഉപരോധ നീക്കവും ചൈന ആരംഭിച്ചിട്ടുണ്ട്. തായ്‌വാനിലേക്കുള്ള മണല്‍ കയറ്റുമതി ചൈന നിര്‍ത്തിവച്ചു. തായ്‌വാനില്‍ നിന്ന് പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 

Similar News