മുസ്‌ലിം എംപിമാരുടെ പ്രകടനം; ഉവൈസി മുന്നില്‍; ബദറുദ്ദീന്‍ അജ്മല്‍ രണ്ടാമത്

അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്ക് റിഫോംസും നാഷനല്‍ ഇലക്ഷന്‍ വാച്ചും ബുധനാഴ്ച്ച പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

Update: 2019-03-29 04:00 GMT

ന്യൂഡല്‍ഹി: 16ാം ലോക്‌സഭയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച മുസ്ലിം എംപിമാരില്‍ മുന്നില്‍ ഹൈദരാബാദിലെ എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി. എഐയുഡിഎഫിന്റെ ബദറുദ്ദീന്‍ അജ്മലാണ് തൊട്ടുപിന്നില്‍. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്ക് റിഫോംസും നാഷനല്‍ ഇലക്ഷന്‍ വാച്ചും ബുധനാഴ്ച്ച പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചോദിച്ച ചോദ്യങ്ങളുടെ എണ്ണം, ഹാജര്‍ നില എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്‌സഭാ വെബ്‌സൈറ്റ്, പിആര്‍എസ് വെബ്‌സൈറ്റ് എന്നിവയെയാണ് വിവരങ്ങള്‍ക്കു വേണ്ടി ആശ്രയിച്ചിരിക്കുന്നത്.

റിപോര്‍ട്ട് പ്രകാരം എംപിമാരുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചിരിക്കുന്നത് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) എംപി സുപ്രിയ സൂലെയാണ്. മഹാരാഷ്ട്രയില്‍ ബാരാമതി മണ്ഡലത്തില്‍ നിന്നുള്ള എംപി ആയ സുപ്രിയ 1181 ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. എന്‍സിപിയിലെ തന്നെ ധനഞ്ജയ് മഹാദിക്(1170), വിജയ് സിങ് മോഹിത് പാട്ടീല്‍(1134) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ 10 പേരില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ എംപിമാരുണ്ട്. എന്നാല്‍, ഒറ്റ മുസ്ലിം എംപി പോലുമില്ല.

മുസ്ലിം എംപിമാരില്‍ മുന്നിലുള്ള അസദുദ്ദീന്‍ ഉവൈസി അഞ്ച് വര്‍ഷത്തിനിടെ നടന്ന 312 സിറ്റിങുകളില്‍ 257 എണ്ണത്തിലാണ് പങ്കെടുത്തത്. 735 ചോദ്യങ്ങള്‍ ഉന്നയിച്ചു. അസമിലെ ദുബ്രി മണ്ഡലത്തില്‍ നിന്നുള്ള ബദ്‌റുദ്ദീന്‍ അജ്മല്‍ 186 സിറ്റിങുകളില്‍ പങ്കെടുക്കുകയും 402 ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള സിപിഎം എംപി മുഹമ്മദ് ബദ്‌റുദ്ദോസ ഖാന്‍ ആണ് പട്ടികയില്‍ മൂന്നാമത്. 276 സിറ്റിങുകളില്‍ പങ്കെടുത്ത അദ്ദേഹം 358 ചോദ്യങ്ങളാണ് ചോദിച്ചത്. പൊന്നാനിയില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ 249 സിറ്റിങുകളില്‍ പങ്കെടുത്തു. 318 ചോദ്യങ്ങളും ഉന്നയിച്ചു. മുസ്ലിം ലീഗിന്റെ മറ്റൊരു എംപിയായ കുഞ്ഞാലിക്കുട്ടി 39 സിറ്റിങുകളില്‍ പങ്കെടുത്തു. 83 ചോദ്യങ്ങളാണ് ഉന്നയിച്ചത്. 2017 ഏപ്രില്‍ 12നാണ് ഉപതിരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക്ക് റിഫോംസിന്റെ പൂര്‍ണ റിപോര്‍ട്ട്‌ 

Tags:    

Similar News