നൊബേല്‍ ജേതാവായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു

ലിമ(പെറു): പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് കിടപ്പിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് യോസ. 1936ല്‍ പെറുവിലാണ് അദ്ദേഹം ജനിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്.

വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് നിരന്തരമായി എഴുതിയ അദ്ദേഹം സ്പാനിഷ് ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലെ രാഷ്ട്രീയ ചിന്തകനുമായിരുന്നു. പതിനാലാം വയസില്‍ സൈനിക അക്കാദമിയില്‍ എന്റോള്‍ ചെയ്തതിന്റെ അനുഭവങ്ങള്‍ എഴുതിയ 1963ലെ 'ദി ടൈം ഓഫ് ദി ഹീറോ' ആണ് ആദ്യ നോവല്‍. സൈന്യത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന നോവലാണ് ഇത്. സ്വാഭാവികമായും സൈനിക മേധാവികള്‍ പുസ്തകത്തെ തള്ളിക്കളഞ്ഞു. 1969ല്‍ ഇറങ്ങിയ '' കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍' ആണ് പ്രധാന കൃതി. സ്വതന്ത്ര വ്യാപാരമെന്ന മുതലാളിത്ത യുക്തിയെ പിന്തുണച്ച യോസ, ലാറ്റിന്‍ അമേരിക്കയിലെ ഇടതുസര്‍ക്കാരുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 1990ല്‍ പെറുവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മല്‍സരിച്ചു. എന്നാല്‍, ആല്‍ബര്‍ട്ടോ ഫ്യൂജിമോറി യോസയെ പരാജയപ്പെടുത്തി. 2010ല്‍ യോസയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.