യുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു; കുരിശുയുദ്ധ പോര്‍വിളിയും ഇയാള്‍ പച്ചകുത്തിയിട്ടുണ്ട്

വാഷിങ്ടണ്‍: യുഎസ് യുദ്ധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലാണ് ടാറ്റൂ കാണാന്‍ കഴിഞ്ഞത്. അറബിക്കിലാണ് 'കാഫിര്‍' എന്ന് പച്ച കുത്തിയിരിക്കുന്നത്. യെമനില്‍ വ്യോമാക്രമണം നടത്താന്‍ പീറ്റ് ഹെഗ്‌സെത്ത് സൈന്യത്തിന് നിര്‍ദേശം നല്‍കുന്ന ചാറ്റ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

പീറ്റ് ഹെഗ്‌സെത്തിന്റെ ടാറ്റൂവിനെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി കാണാനാവില്ലെന്നും ഇസ്‌ലാമോഫോബിയയുടെ തെളിവാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. യുഎസ് സൈന്യത്തിലെ ആറായിരത്തോളം വരുന്ന മുസ്‌ലിംകളോട് വിവേചനമുണ്ടാവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെട്ടു. ഈ ടാറ്റൂവിന് പുറമേ കുരിശു യുദ്ധത്തെ മഹത്വവല്‍ക്കരിക്കുന്ന ടാറ്റൂവും ഇയാളുടെ ശരീരത്തിലുണ്ട്. ''ദേവുസ് വൂള്‍ട്ട്'' എന്നാണ് പച്ചകുത്തിയിരിക്കുന്നത്. കുരിശ് യുദ്ധക്കാരുടെ പോര്‍വിളിയാണ് ഇത്. കൂടാതെ കുരിശുയുദ്ധക്കാരുടെ ജെറുസലേം ക്രോസ് നെഞ്ചിലും പച്ച കുത്തിയിട്ടുണ്ട്.

2015ല്‍ യുഎസിലെ ഒഹിയോ സംസ്ഥാനത്തെ ഒരു ബാറില്‍ ഇരുന്ന് ഇയാള്‍ 'എല്ലാ മുസ്‌ലിംകളെയും കൊല്ലണമെന്ന്' അഹ്വാനം ചെയ്തിരുന്നു. ടാറ്റുകള്‍ക്ക് തീവ്രസ്വഭാവമുള്ളതിനാല്‍ യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ഇയാളെ നീക്കം ചെയ്തിരുന്നു.ഇയാളെ യുദ്ധ സെക്രട്ടറിയാക്കുന്നതിനെതിരേ നിരവധി സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ യെമന്‍ ചാറ്റ് കൂടി പുറത്തുവന്നതോടെ പദവിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. യുഎസിന്റ സൈനികരഹസ്യങ്ങള്‍ പുറത്തായെന്നാണ് ആരോപണം.