കരുതലായി അഭിഭാഷകന്‍: 25 ലക്ഷം രൂപ സംഭാവനയായി സുപ്രിംകോടതിയില്‍ അടയ്ക്കാം; കുടിയേറ്റ തൊഴിലാളികളെ രക്ഷിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹരജി

പിഞ്ച് കുഞ്ഞുങ്ങളടക്കം 16 മനുഷ്യര്‍ തീവണ്ടി കയറിയിറങ്ങി ചതഞ്ഞരഞ്ഞ ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് സാക്ഷിയാകേണ്ടി വന്ന സാഹചര്യമാണ് സഗീര്‍ അഹമ്മദ് ഖാന്‍ എന്ന അഭിഭാഷകനെ ഈ നന്മക്ക് പ്രേരിപ്പിച്ചത്.

Update: 2020-05-12 08:49 GMT
കരുതലായി അഭിഭാഷകന്‍: 25 ലക്ഷം രൂപ സംഭാവനയായി സുപ്രിംകോടതിയില്‍ അടയ്ക്കാം; കുടിയേറ്റ തൊഴിലാളികളെ രക്ഷിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: പട്ടിണിപ്പാവങ്ങളായ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായും, സൗജന്യമായും അവരുടെ വീടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. 25 ലക്ഷം രൂപ അവരുടെ ടിക്കറ്റ് തുകയിലേക്കുള്ള സംഭാവനയായി സുപ്രിംകോടതിയില്‍ അടയ്ക്കാമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

പിഞ്ച് കുഞ്ഞുങ്ങളടക്കം 16 മനുഷ്യര്‍ തീവണ്ടി കയറിയിറങ്ങി ചതഞ്ഞരഞ്ഞ ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് സാക്ഷിയാകേണ്ടി വന്ന സാഹചര്യമാണ് സഗീര്‍ അഹമ്മദ് ഖാന്‍ എന്ന അഭിഭാഷകനെ ഈ നന്മക്ക് പ്രേരിപ്പിച്ചത്.

പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലുള്ള വിദൂര സംസ്ഥാനങ്ങളില്‍ നിന്നെത്തി ലോക്ക് ഡൗണിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ അടിയന്തരമായി തിരികെ എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പട്ടിണിയും പരിവട്ടവുമായി തൊഴിലൊന്നുമില്ലാതെ കുടിയേറ്റ തൊഴിലാളി ജനത കാല്‍നടയായി സ്വന്തം നാടുകളിലേക്ക് നടക്കുന്നത് അപകടകരമാണ്.

കുടിയേറ്റ ജനതയെ സൗജന്യമായി വീടുകളിലേക്ക് എത്തിക്കാന്‍ ആദ്യം ആവശ്യപ്പെടേണ്ടതും ഈ 25 ലക്ഷം സംഭാവനയായി നല്‍കേണ്ടതും കേന്ദ്രസര്‍ക്കാരിനാണെന്ന് അറിയാം. പക്ഷെ, ജീവിതത്തിന്റെയും മരണത്തിന്റെയും ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തെ വിശ്വാസമില്ലാത്തതിനാലാണ് പരമോന്നത കോടതിയെ സമീപിക്കുന്നതിനും അഡ്വ. സഗീര്‍ അഹമ്മദ് ഖാന്‍ അഭിഭാഷകനായ ഇജാസ് മഖ്ബൂലിലൂടെ നല്‍കിയ ഹരജിയില്‍ പറയുന്നു. 

Tags:    

Similar News