വയനാട് ലോക്‌സഭാ വിജയം: രാഹുല്‍ ഗാന്ധിക്കെതിരായ സരിതാ എസ് നായരുടെ ഹരജി സുപ്രിംകോടതി തള്ളി

Update: 2022-12-17 12:10 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ വിജയം ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി തള്ളി. 2019ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചതിനെ ചോദ്യംചെയ്ത് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് ഹരജി തള്ളിയത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് കേരള ഹൈക്കോടതിയും സരിതയുടെ ഹരജി തള്ളിയിരുന്നു.

ഹൈക്കോടതി വിധിക്കെതിരേ ഇവര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സരിതയുടെ അഭിഭാഷകന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് 2020 നവംബര്‍ രണ്ടിന് സുപ്രിംകോടതി ഹരജി തള്ളി. ഇതിനുശേഷമാണ് ഹരജി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 2020ല്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരായ ഹരജി പരിഗണിച്ചിരുന്നത്. എന്നാല്‍, സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളുകയായിരുന്നു.

തന്റെ അഭിഭാഷകന് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി പുനസ്ഥാപിക്കാന്‍ കോടതിയോട് അപേക്ഷിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സരിത എസ് നായര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി അവരുടെ പത്രിക തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.

Tags:    

Similar News