പമ്പുടമ കൊല്ലപ്പെട്ട സംഭവം: സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും; തൃശൂരില്‍ പമ്പുകള്‍ അടച്ചിടും

വഴിയമ്പലത്തെ ഭാരത് പെട്രോളിയം പെട്രോള്‍ പമ്പിന്റെ ഉടമ കയ്പമുറി കാളമ്പാടി അകമ്പാടം കോഴിപ്പറമ്പില്‍ കെ കെ മനോഹരന്‍ (68)നെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കയ്പമംഗലം സ്വദേശികള്‍ തന്നെയായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Update: 2019-10-16 01:04 GMT

തൃശൂര്‍: കയ്പമംഗലത്ത് പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധം. പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. സംഭവം നടന്ന തൃശൂര്‍ ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ അഞ്ചു മണിവരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനും പമ്പുടമകള്‍ തീരുമാനിച്ചു.

വഴിയമ്പലത്തെ ഭാരത് പെട്രോളിയം പെട്രോള്‍ പമ്പിന്റെ ഉടമ കയ്പമുറി കാളമ്പാടി അകമ്പാടം കോഴിപ്പറമ്പില്‍ കെ കെ മനോഹരന്‍ (68)നെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കയ്പമംഗലം സ്വദേശികള്‍ തന്നെയായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പമ്പിലെ കളക്ഷന്‍ തുക കിട്ടാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറയുന്നു.

മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മനോഹരന്‍ ഉപയോഗിച്ച കാറ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ മമ്മിയൂരില്‍ നിന്നാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാച്ചും സ്വര്‍ണാഭരണങ്ങളും പേഴ്‌സും നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം രാത്രി 12.50 നാണ് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍ കാറില്‍ വീട്ടിലേക്ക് യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. രാത്രി ഏറെ സമയം കഴിഞ്ഞിട്ടും മനോഹരന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഇയാളുടെ ഫോണിലേക്ക് മകള്‍ വിളിച്ചു. ഒരാള്‍ ഫോണെടുത്ത് അച്ഛന്‍ കാറില്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്തുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫാകുകയും ചെയ്തു.

ഉടന്‍ തന്നെ മകള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസ് നിഗമനം. മനോഹറിന്റെ കാറില്‍ പണം ഉണ്ടായിരുന്നതായാണ് പോലിസിന്റെ നിഗമനം. കഴിഞ്ഞദിവസം തന്നെ തൃശൂര്‍ ദിവാന്‍ജി മൂലയില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവറുടെ തലയ്ക്കടിച്ച് കാര്‍ തട്ടിയെടുത്ത വാര്‍ത്തയും പുറത്തുവന്നിരുന്നു. ഈ രണ്ട് സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News