''24 ശതമാനം ഇന്ത്യക്കാരും മതദേശീയവാദികള്‍; ഹിന്ദുവാവുന്നതിന് ഇന്ത്യക്കാരാവുന്നതില്‍ പ്രാധാന്യമുണ്ടെന്ന് 73 ശതമാനം ഹിന്ദുക്കള്‍'': പ്യു സര്‍വേ റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ 24 ശതമാനം പേരും മതദേശീയവാദികളാണെന്ന് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ റിപോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം ഹിന്ദുക്കളും മതപാഠങ്ങളുടെ ആശയം നിയമങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. മതം സമൂഹത്തിന് ഗുണകരമാണെന്ന് 79 ശതമാനം ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടു. സഹിഷ്ണുതയുണ്ടാവാന്‍ മതം നല്ലതാണെന്ന് 68 ശതമാനം പേരും മതം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് 53 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഏഷ്യാ-പസിഫിക്കിലെയും യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലേയും വടക്കന്‍ അമേരിക്കയിലെയും സബ്‌സഹാറന്‍ ആഫ്രിക്കയിലെയും 55,000 പേരാണ് സര്‍വേയുടെ ഭാഗമായത്. 2024 ജനുവരി മുതല്‍ മേയ് വരെയാണ് സര്‍വേ നടത്തിയത്. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ഉത്തരം നല്‍കിയത്.
1) ദേശീയ സ്വത്വമുണ്ടാവാന്‍ രാജ്യത്തെ ഭൂരിപക്ഷ മതത്തില്‍ ഉള്‍പ്പെടണോ? (ഉദാഹരണത്തിന്, ഇന്ത്യക്കാരനായിരിക്കുന്നതിന് ഹിന്ദുവാകുക എന്നത് അത്യാവശ്യമാണോ?)
2) നേതാക്കള്‍ സ്വന്തം മതവിശ്വാസങ്ങള്‍ പങ്കിടേണ്ടത് എത്രത്തോളം പ്രധാനമാണ്?
3) ഭൂരിപക്ഷ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളോ പഠിപ്പിക്കലുകളോ നിയമങ്ങളെ എത്രത്തോളം സ്വാധീനിക്കണം?
4) ഭൂരിപക്ഷ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്ക് പൊതുജനാഭിപ്രായവുമായി വൈരുധ്യമുണ്ടെങ്കില്‍ നിയമനിര്‍മ്മാണത്തില്‍ ഏതിനാണ് മുന്‍ഗണന നല്‍കേണ്ടത്?
സ്വന്തം മതവിശ്വാസങ്ങള്‍ പങ്കിടുന്ന നേതാക്കളേക്കാള്‍ പ്രധാനം ജനങ്ങളുടെ മതവിശ്വാസങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന നേതാക്കളാണെന്ന് 70 ശതമാനം ഇന്ത്യക്കാര്‍ പറഞ്ഞു. സ്വന്തം മതവിശ്വാസങ്ങളുള്ള നേതാക്കള്‍ ഉണ്ടാവണമെന്ന് 63 ശതമാനം ഹിന്ദുക്കള്‍ അഭിപ്രായപ്പെട്ടു. മതഗ്രന്ഥങ്ങള്‍ നിയമങ്ങളെ സ്വാധീനിക്കണമെന്ന് 37 ശതമാനം ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസമുണ്ടായാല്‍ ജനങ്ങളുടെ തീരുമാനത്തിന് പ്രാധാന്യം നല്‍കണമെന്ന് 41 ശതമാനം പേര്‍ പറഞ്ഞു. മതം, ഹിന്ദുമതം, ദേശീയസ്വത്വത്തില്‍ പ്രധാനമാണെന്ന് 64 ശതമാനം ഇന്ത്യക്കാര്‍ പറഞ്ഞു. ഹിന്ദുവാവുന്നതിന് യഥാര്‍ത്ഥ ഇന്ത്യക്കാരാവുന്നതില്‍ വലിയ പ്രാധാന്യമുണ്ടെന്ന് 73 ശതമാനം ഹിന്ദുക്കളും പറഞ്ഞു.